വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒരു കോടി (10,292,492) കടന്നു. കൊവിഡിന്റെ മൂന്നാം തരംഗത്തിലൂടെ കടന്നുപോകുന്ന അമേരിക്ക ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി കടക്കുന്ന ആദ്യ രാജ്യമായി മാറിയിരിക്കുകയാണ്. ഇടക്കാലത്ത് കേസുകളിൽ കുറവ് രേഖപ്പെടുത്തിയിരുന്ന അമേരിക്കയിൽ വീണ്ടും രോഗവ്യാപനം വേഗത്തിലായിരുന്നു. ശനിയാഴ്ച മാത്രം 131,420 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമേരിക്കയിൽ പ്രതിദിന കണക്ക് ഒരുലക്ഷം കടന്നിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ പത്തുലക്ഷത്തോളം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
പ്രതിദിന കൊവിഡ് കണക്കിൽ 29 ശതമാനത്തിൽ അധികം വർദ്ധനവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തുടർച്ചയായി പ്രതിദിന മരണം ആയിരം കടന്നിരുന്നു. ലോകത്ത് കൊവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്ന പതിനൊന്ന് മരണങ്ങളിൽ ഒന്ന് എന്ന നിലയിലാണ് അമേരിക്കയിൽ മരണങ്ങൾ സംഭവിക്കുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ആഗസ്റ്റ് പകുതിയ്ക്ക് ശേഷം മരണസംഖ്യയിൽ ഇത്തരത്തിലുള്ള വർദ്ധനവ് ഇത് ആദ്യമാണ്. അതേസമയം, രാജ്യത്ത് ആകെ 243,771 പേരാണ് മരിച്ചത്. ഇതുവരെ 6,483,701 പേർ രോഗവിമുക്തരായി.
യൂറോപ്പും പ്രതിസന്ധിയിൽ
രണ്ടാം ഘട്ട കൊവിഡ് വ്യാപനം ശക്തമായതോടെ യൂറോപ്പിലെ ഭൂരിഭാഗം രാജ്യങ്ങളിലും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിലും റെക്കോഡ് വർദ്ധനവാണ് യൂറോപ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തത്. നിയന്ത്രണങ്ങളേർപ്പെടുത്തിയതിന് പിന്നാലെയാണ് രോഗവ്യാപനം രൂക്ഷമായത്.
ഗ്രീസിൽ ലോക്ക്ഡൗൺ
ശനിയാഴ്ച മുതൽ ഗ്രീസിൽ രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആസ്ട്രിയയിലും ഉപാധികളോടെ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.