തിരുവനന്തപുരം: കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഗവർണർ ആശുപത്രിയിലെത്തിയത്. വി.ഐ.പി റൂമിൽ ചികിത്സയിലുള്ള അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രണ്ട് ദിവസം മുമ്പാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചത്. ഗവർണർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരുന്നത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും താനുമായി കഴിഞ്ഞാഴ്ച ഡല്‍ഹിയില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.