തിരുവനന്തപുരം: കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഗവർണർ ആശുപത്രിയിലെത്തിയത്. വി.ഐ.പി റൂമിൽ ചികിത്സയിലുള്ള അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
തനിക്ക് കൊവിഡ് പോസിറ്റീവായെന്ന് കഴിഞ്ഞ ശനിയാഴ്ച്ച ഗവർണർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഒപ്പം ആശങ്ക വേണ്ടെന്നും നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം തന്റെ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.