election

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് വേണ്ട ഫ്ലക്സുകൾ, പോസ്റ്ററുകൾ തുടങ്ങിയവയുൾപ്പെട്ട കോംബോ ഓഫറുകൾക്ക് പ്രചാരമേറുന്നു. സ്ഥാനാർത്ഥിയുടെ ഫോട്ടോകൾ വച്ചുള്ള ഇവയ്ക്ക് പ്രസുകൾ നിശ്ചിത നിരക്ക് മുന്നോട്ട് വച്ചിട്ടുണ്ട്.

തുണിയിൽ പ്രിന്റ് ചെയ്ത 27ഓളം ഫ്ലക്സുകൾ, ചെറുതും വലുതുമായ രണ്ട് തരം പോസ്റ്ററുകൾ 500 + 500, അഭ്യർത്ഥനാ നോട്ടീസുകൾ 1000 എന്നിവ ചേർന്ന ഒരു കോംബോയ്ക്ക് 14,999 രൂപയാണ് തിരുവനന്തപുരത്തെ ഒരു സ്ഥാപനം ഓഫർ ചെയ്യുന്നത്. 14,499 രൂപ, 21,999 രൂപ എന്നിങ്ങനെ കോംബോ സെറ്റുകൾ ഓഫർ ചെയ്യുന്ന പ്രിന്റിംഗ് പ്രസുകൾ ഉണ്ട്.

പഞ്ചായത്ത് വാർഡ് തലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെയാണ് ഇത്തരം കോംബോ ഓഫറുകൾ പ്രധാനമായും ലക്ഷ്യമാക്കുന്നത്. 25,000 രൂപ വരെ മാത്രമാണ് വാർഡ് തലത്തിൽ സ്ഥാനാർത്ഥികൾക്ക് പ്രചാരണത്തിന് ചെലവഴിക്കാൻ സാധിക്കൂ എന്നിരിക്കെ മിതമായ നിരക്കിലുള്ള കോംബോ ഓഫറുകൾക്ക് ഡിമാൻഡ് കൂടും.