stock-markets

 ഓഹരി സൂചികകൾ പുതിയ ഉയരത്തിൽ

കൊച്ചി: അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആവേശത്തിൽ പുത്തൻ ഉയരത്തിലേക്ക് കുതിച്ചുകയറി ഇന്ത്യൻ ഓഹരി സൂചികകൾ. കൊവിഡിൽ നഷ്‌ടപ്പെട്ട റെക്കാഡുയരമാണ് ഇന്നലെ സെൻസെക്‌സും നിഫ്‌റ്റിയും തിരിച്ചുപിടിച്ച്, തിരുത്തിയെഴുതിയത്. തുടർച്ചയായ ആറാംദിനമാണ് ഓഹരികളുടെ നേട്ടക്കുതിപ്പ്.

704 പോയിന്റ് മുന്നേറിയ സെൻസെക്‌സ് 42,597ലും നിഫ്‌റ്റി 197 പോയിന്റുയർന്ന് 12,461ലുമാണ് വ്യാപാരാന്ത്യമുള്ളത്. ഒട്ടുമിക്ക ഓഹരികളിലും ഇന്നലെ മികച്ച വാങ്ങൽ ദൃശ്യമായി. എങ്കിലും, മുന്നേറ്റത്തിന് നേതൃത്വം നൽകിയത് ബാങ്കിംഗ്, ധനകാര്യ,​ ഐ.ടി ഓഹരികളാണ്. ഇൻഡസ് ഇൻഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ടെക് മഹീന്ദ്ര, ഭാരതി എയർ‌ടെൽ, ടൈറ്റൻ എന്നിവ മികച്ച നേട്ടമുണ്ടാക്കി.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ,​ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് സാമ്പത്തിക ഉത്തേജക നടപടികളെടുക്കുന്നത് മരവിപ്പിച്ചിരുന്നു. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ബൈഡൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ,​ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്ന കൂടുതൽ പ്രഖ്യാപനങ്ങൾ ഫെഡറൽ റിസർവിൽ നിന്ന് പ്രതീക്ഷിക്കാം.

കൊവിഡിനിടയിലും

കരകയറ്റം

കൊവിഡിന് മുമ്പ്, ജനുവരി 16ന് സെൻസെക്‌സ് 42,000 പോയിന്റ് കടന്നിരുന്നെങ്കിലും പിന്നീട് തകർന്നടിഞ്ഞു. കഴിഞ്ഞ മാ‌ർച്ച് 23ന് സെൻസെക്‌സ് 4,000 പോയിന്റോളവും നിഫ്‌റ്റി 1,140 പോയിന്റോളവുമാണ് തകർന്നത്. അന്ന്, വ്യാപാരാന്ത്യം സെൻസെക്‌സ് 25,981ലേക്കും നിഫ്‌റ്റി 7,610ലേക്കും കൂപ്പുകുത്തി. 14.22 ലക്ഷം കോടി രൂപയാണ് അന്ന് ഒറ്റദിവസം സെൻസെക്‌സിൽ നിന്ന് കൊഴിഞ്ഞത്. ഈ തകർച്ചയിൽ നിന്നാണ് കൊവിഡ് തുടരുമ്പോഴും ഓഹരികൾ തിരിച്ചുകയറിയത്.

നേട്ടക്കുതിപ്പ്

 സെൻസെക്‌സ് : 42,597 (+704)

 നിഫ്‌റ്റി : 12,461 (+197)

₹2.06 ലക്ഷംകോടി

ഇന്നലെ സെൻസെക്‌സിന്റെ മൂല്യത്തിലുണ്ടായ നേട്ടം 2.06 ലക്ഷം കോടി രൂപ. 165.67 ലക്ഷം കോടി രൂപയായാണ് വർദ്ധന. മാർച്ച് 23ന് മൂല്യം 101.86 ലക്ഷം കോടി രൂപയിലേക്ക് ഇടിഞ്ഞിരുന്നു.

₹74.14

ഡോളറിനെതിരെ രൂപയും ഇന്നലെ നേട്ടത്തിലേറി. ആറുപൈസ മെച്ചപ്പെട്ട് 74.14 ആണ് വ്യാപാരാന്ത്യം മൂല്യം.