trump

വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിനെതിരെ വൻ ആരോപണങ്ങളുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് നടന്നെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും ട്രംപ് ആവർത്തിച്ചു. തിരഞ്ഞെടുപ്പ് വിജയം തന്നിൽ നിന്ന് "മോഷ്ടിച്ചെടുക്കുകയായിരുന്നു" എന്നാണ് ട്രംപിന്റെ പ്രധാന സ്വിങ് സ്റ്റേറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ട്രംപിന്റെ ആരോപണം.

"ഇവർ കള്ളന്മാരാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. പ്രധാന നഗരങ്ങളിലെ യന്ത്രങ്ങളിൽ ക്രമക്കേടുണ്ട്. ഇതൊരു തട്ടിയെടുക്കപ്പെട്ട തിരഞ്ഞെടുപ്പാണ്. ബ്രിട്ടനിലെ ഒരു പ്രധാന തിരഞ്ഞെടുപ്പ് നിരീക്ഷകൻ ഇന്നു രാവിലെ എഴുതിയത് വ്യക്തമായ അട്ടിമറി നടന്നിട്ടുണ്ടെന്നാണ്. ചില സംസ്ഥാനങ്ങളിലെ വോട്ടുകളിൽ ബൈ‍ഡൻ ഒബാമയെ മറികടന്നുവെന്നത് അവിശ്വസനീയമാണ്." ട്രംപ് ഞായറാഴ്ച കുറിച്ച ട്വീറ്റുകളിൽ ആരോപിച്ചു.

തിരഞ്ഞെടുപ്പിൽ ജോ ബൈഡനെ യു.എസ് മാദ്ധ്യമങ്ങൾ വിജയികളായി പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് ട്രംപ് അനുകൂലികൾ വൻ പ്രതിഷേധം നടത്തിയിരുന്നു. ഇതുവരെ ഔദ്യോഗിക ഫലം പുറത്തു വിട്ടിട്ടില്ലെങ്കിലും ലീഡിന്റെ ട്രെൻഡ് അനുസരിച്ചും മുൻകാല ചരിത്രം പരിശോധിച്ചും മാദ്ധ്യമങ്ങൾ വിജയിയെ പ്രഖ്യാപിക്കുന്നതാണ് അമേരിക്കയിലെ രീതി. എന്നാൽ ഔദ്യോഗിക ഫലം പുറത്തു വരുന്നതു വരെ പരാജയം അംഗീകരിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് വിവിധ കോടതികളിൽ ട്രംപ് ക്യാംപയിൻ കേസുകളും ഫയൽ ചെയ്തിട്ടുണ്ട്.

അതേസമയം, ട്രംപ് കുറിച്ച ട്വീറ്റുകളെല്ലാം ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ ഫ്ലാഗ് ചെയ്തു. ഇതാദ്യമായാണ് ട്വിറ്റർ ഒരു രാഷ്ട്രത്തലവന്റെ ട്വീറ്റുകൾ ഫ്ലാഗ് ചെയ്യുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, ട്രംപിന്റെ ആരോപണങ്ങൾ ബൈഡൻ ക്യാംപയിൻ നിഷേധിച്ചു.