വാഷിംഗ്ടൺ: കമല ഹാരിസ് വൈസ് പ്രസിഡന്റാകുന്നതോടെ, അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു സെക്കൻഡ് ജന്റിൽമാൻ ഉണ്ടാവുകയാണ്. കമലയുടെ ഭർത്താവ് ഡഗ്ലസ് എംഹോഫിനാണ് ആ ഭാഗ്യം ലഭിച്ചിരിക്കുന്നത്. 56 കാരനും ജൂത വംശജനുമായ എംഹോഫ് ഒരു അഭിഭാഷകനാണ്. അമേരിക്കൻ പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ ഇണയാകുന്ന ആദ്യ ജൂത വംശജനെന്ന റെക്കാഡും ഇനി എംഹോഫിന് സ്വന്തം.
'ഇത് വിശേഷപ്പെട്ടൊരു ബഹുമതിയായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇത് നീതിയിലേക്കുള്ള പ്രവേശനമാണ്. ഒപ്പം അവസരങ്ങളിലേക്കുള്ള പ്രവേശനവും. ഏറെ പ്രത്യാശയോടെയാണ് ഞാനിതിനുവേണ്ടി പ്രവർത്തിക്കുന്നത്'-കമലയുടെ വിജയത്തിനുമുമ്പ് നൽകിയ അഭിമുഖത്തിൽ സെക്കൻഡ് ജെന്റിൽമാൻ ആകുന്നത് എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു എംഹോഫ്.
പ്രസിഡൻഷ്യൽ കാമ്പയിനിൽ എംഹോഫ് സജീവ സാന്നിദ്ധ്യമായിരുന്നു. ആഗസ്റ്റിൽ കമലയുടെ പ്രചാരണത്തിന്റെ ഭാഗമാകാൻ എംഹോഫ് ജോലിയിൽ നിന്ന് അവധിയെടുത്തു. അദ്ദേഹത്തിന്റെ മാതാപിതാക്കളായ മൈക്ക്, ബാർബ് എന്നിവരും പ്രചാരണ പരിപാടിയിൽ പങ്കെടുത്തിരുന്നു.പരമ്പരാഗതമായി ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളല്ലാത്ത അമേരിക്കൻ സംസ്ഥാനങ്ങളിൽ ബൈഡന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചതും എംഹോഫാണ്. 2014ലാണ് കമലയും എംഹോഫും വിവാഹിതരായത്.
അമേരിക്കൻ പ്രസിഡന്റിന്റെ പങ്കാളിയെ ഫസ്റ്റ് ലേഡി എന്നോ ഫസ്റ്റ് ജന്റിൽമാനെന്നോ ആണ് വിശേഷിപ്പിക്കുന്നത്. എന്നാൽ, വനിതകൾ ഇതുവരെ പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടില്ലാത്തതിനാൽ അമേരിക്കയിൽ ഇന്നുവരെ ഒരു ഫസ്റ്റ് ജന്റിൽമാൻ ഉണ്ടായിട്ടില്ല.