തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ ഭിന്നിപ്പ് പരസ്യമായതിന് പിന്നാലെ ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമായിരിക്കുകയാണ്. സംസ്ഥാന ബി.ജെ.പിയില്‍ പൊട്ടിത്തെറികള്‍ രൂക്ഷമായിക്കൊണ്ടിരിക്കെ പാര്‍ട്ടിക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി വിട്ട വനിത നേതാവ്. കഴിഞ്ഞ ദിവസം ബി.ജെ.പി വിട്ട ആര്‍.ബിന്ദുവാണ് രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ കടുത്ത ജാതി വിവേചനമുണ്ടെന്നും പിന്നോക്ക ജാതിക്കാരി ആയതിനാലാണ് തന്നെ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്ന് തന്നെ ഒഴിവാക്കിയതും ബിന്ദു വെളിപ്പെടുത്തി.
'തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനറല്‍ വാര്‍ഡില്‍ നിന്ന് എന്നെ ഒഴിവാക്കിയത് പിന്നോക്ക ജാതിക്കാരി ആയതിനാലാണ്. പാര്‍ട്ടിക്ക് വേണ്ടി പത്ത് വര്‍ഷം പ്രവര്‍ത്തിച്ച ഞാന്‍ ഇനി നേതാക്കളുടെ ചവിട്ട് പടിയാകാന്‍ ആഗ്രഹിക്കുന്നില്ല. 2010ല്‍ സംവരണ വാര്‍ഡായ വലിയവിളയില്‍ ഞാന്‍ ബി.ജെ.പിക്ക് വലിയ നേട്ടമുണ്ടാക്കി. 2015ല്‍ ജനറല്‍ വാര്‍ഡായപ്പോള്‍ മാറി നിന്നു. 2020-ല്‍ വനിതാ വാര്‍ഡാകുമ്പോള്‍ പരിഗണിക്കാമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കിയിരുന്നു. ഇന്നലെവരെ എന്റെ പേരുമായി മുന്നോട്ട് പോയ നേതൃത്വം അവസാന നിമിഷം ഒഴിവാക്കി', ബിന്ദു പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനത്തില്‍ വിയോജിച്ചാണ് ബിന്ദു കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം സെക്രട്ടറിസ്ഥാനം രാജിവെച്ച് പാര്‍ട്ടി വിട്ടിറങ്ങിയത്. തുടര്‍ന്നാണ് ഇവര്‍ നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷം പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട തന്നെ അവഗണിച്ചത് മാനസിക വിഷമമുണ്ടാക്കി. പിന്നോക്കക്കാരി എന്നതല്ലാതെ തന്നെ ഒഴിവാക്കാന്‍ മറ്റ് കാരണങ്ങള്‍ ഒന്നുമില്ലെന്നും ബിന്ദു പറഞ്ഞു.
നവമാദ്ധ്യമങ്ങളില്‍ പങ്കുവച്ച രാജിക്കത്ത് പിന്‍വലിക്കാന്‍ നേതാക്കളുടെ ഇടപെടലുണ്ടായെന്നും അവര്‍ വെളിപ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ നേതാക്കള്‍ക്ക് സമാന അനുഭവമുണ്ടായെന്നും ഇനി ബി.ജെ.പിയിലേക്കില്ലെന്നും ബിന്ദു വ്യക്തമാക്കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ബിന്ദു നേരത്തെ അറിയിച്ചിരുന്നു.