ss

തിരുവനന്തപുരം: ഇടുക്കി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച അഞ്ചംഗ സംഘത്തിലെ രണ്ടുപേരെ പേരൂർക്കട പൊലീസ് അറസ്റ്റുചെയ്‌തു. മാധവപുരം റെയിൽവേ സ്റ്റേഷന് സമീപം അഭിഭവനിൽ അഭിരാജ് (22), കൊച്ചുവേളി കാട്ടുവിളാകത്ത് വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (26) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്ത് ലോഡ്‌ജിൽ വാടകയ്‌ക്ക് താമസിക്കുന്ന ജിജു നായരെയാണ് 8ന് വൈകിട്ട് അഞ്ചോടെ പട്ടം എൽ.ഐ.സി ഓഫീസിന് മുന്നിൽ നിന്ന് അഞ്ചംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയത്. ജിജു നായരുടെ സാന്നിദ്ധ്യത്തിൽ സുഹൃത്ത് അഭിലാഷ്, പ്രതി അഭിരാജിൽ നിന്നും വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വിരോധത്തിലാണ് തട്ടികൊണ്ടുപോയത്. കാറിൽ വച്ച് പ്രതികൾ അഞ്ചുപേരും ജിജു നായരെ ക്രൂരമായി മർദ്ദിച്ചു. കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കോവളത്തുവച്ച് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെട്ട മറ്റ് മൂന്നുപേർക്കായി അന്വേഷണം തുടരുന്നതായി പേരൂർക്കട എസ്.എച്ച്.ഒ ഷൈജുനാഥ് പറഞ്ഞു.