കണ്ണൂർ: ഒരു ലോഡ് സിമന്റുമായി പണി സൈറ്റുകളിലേക്ക് പായുന്ന മയ്യിലെ ടിപ്പർ ഡ്രൈവർ ശ്രീഷ്മയെ കാണുമ്പോൾ ആദ്യം നാട്ടുകാർക്ക് കൗതുകമായിരുന്നെങ്കിലും ഇപ്പോൾ ആരാധനയാണ്. സിവിൽ എൻജിനിയറിംഗിൽ ബി.ടെക് പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നതിനിടെയാണ് ലോക്ക് ഡൗണിൽ അച്ഛനെ സഹായിക്കാൻ ഇരുപത്തിമൂന്നുകാരി ടിപ്പർ ഡ്രൈവറായത്. കണ്ണൂർ മയ്യിൽ നിരന്തോട്ട് എസ്.എൻ. നിവാസിലെ സി. പുരുഷോത്തമന്റെയും ശ്രീജയുടെയും മകൾ ശ്രീഷ്മ സാഹസികമായി എതു റോഡിലും ടിപ്പറുമായെത്തും.
പുരുഷോത്തമന് സിമന്റ് വ്യാപാരമാണ്. ലോക്ക് ഡൗണിൽ ബിസിനസ് കുറഞ്ഞപ്പോൾ ചെറിയ ഓട്ടങ്ങൾക്കൊക്കെ താൻ പോകാമെന്ന് ശ്രീഷ്മ അച്ഛനോട് പറഞ്ഞു. മകൾ ഒരു കൗതുകത്തിന് പറഞ്ഞതാണെന്ന് കരുതി അച്ഛൻ സമ്മതം മൂളി. കഴിഞ്ഞ ആറ് മാസമായി ശ്രീഷ്മ ടിപ്പറിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ട്. പി.എസ്.സി പരിശീലനത്തിനും സമയം കണ്ടെത്തും.
പതിനെട്ടാം വയസിൽ ടൂവീലറും ഫോർ വീലറും ലൈസൻസ് നേടിയ ശ്രീഷ്മ ഇരുപത്തിരണ്ടാം വയസിൽ ഹെവി ലൈസൻസും സ്വന്തമാക്കി. പയ്യന്നൂർ കോളേജ് ഒഫ് എൻജിനിയറിംഗ് ടെക്നോളജിയിൽ നിന്നാണ് ബി.ടെക് പാസായത്. അമ്മ ശ്രീജ കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂൾ അദ്ധ്യാപികയാണ്. സഹോദരൻ ഷിജിൻ.
ചെറുപ്പം മുതൽ വാഹനങ്ങളോട് കമ്പം
ശ്രീഷ്മ ജനിക്കുന്നതിന് മുൻപേ വീട്ടിൽ ജീപ്പും ലോറിയും കാറുമൊക്കെയുണ്ട്. ചെറിയ പ്രായത്തിൽ തന്നെ കാറും ലോറിയും ജീപ്പുമെല്ലാം ഓടിക്കാൻ പഠിച്ചു. അച്ഛനാണ് ഡ്രൈവിംഗിലെ ഗുരു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഗുഡ്സ് ഒാട്ടോയിലാണ് ആദ്യമായി ഡ്രൈവിംഗ് പരിശീലിച്ചത്. ഇപ്പോൾ മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കാനുള്ള പരിശീലനത്തിലാണ്. അച്ഛന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യബസും ഇടയ്ക്ക് ഓടിക്കാറുണ്ടെന്ന് ശ്രീഷ്മ പറയുന്നു.
ലോക്ക് ഡൗണിൽ അച്ഛനെ സഹായിക്കാമെന്ന് കരുതിയാണ് ടിപ്പർ എടുക്കാൻ തുടങ്ങിയത്. മറ്റൊരു ജോലി ലഭിക്കുന്നതുവരെ സ്ഥിരമായി ഡ്രൈവിംഗ് സീറ്റിലുണ്ടാകും
-സി.ശ്രീഷ്മ