covid-vaccine

പാരിസ്: യു.എസ് ഫാർമസ്യൂട്ടിക്കൽ കമ്പനി ഫൈസറും ജർമൻ കമ്പനി ബയേൺടെക്കുമായി
ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായതായി കമ്പനി. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതെന്നും ഫൈസർ അറിയിച്ചു.

"കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ആദ്യ ഫലം പുറത്തുവന്നപ്പോൾ
വെെറസ് തടയാനുള്ള ഞങ്ങളുടെ വാക്‌സിന്റെ കഴിവ് തെളിഞ്ഞിരിക്കുകയാണ്. ആഗോള ആരോഗ്യ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള അവസാനഘട്ടത്തിലാണ് കമ്പനി." ഫൈസർ സി.ഇ.ഒ ആൽബർട്ട് ബർല പറഞ്ഞു.


നേരത്തെ കൊവിഡ് ബാധിക്കാത്തവരിൽ നടത്തിയ പരീക്ഷണങ്ങളിൽ രോഗബാധ തടയുന്നതിൽ വാക്സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. വാക്സിനുകൾ ഫലപ്രദമാണെന്നും സുരക്ഷാ പ്രശ്നങ്ങളൊന്നും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി പറയുന്നു. കൊവിഡ് വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രതീക്ഷ നൽകുന്ന വാർത്തകൾക്കായി ലോകം കാതോർത്തിരിക്കെയാണ് ഫൈസറിന്റെ വെളിപ്പെടുത്തൽ.


ആദ്യ ഡോസ് സ്വീകരിച്ചയാൾക്ക് 28 ദിവസങ്ങൾക്ക് ശേഷമാണ് കൊവിഡ് 19 ബാധയിൽനിന്ന്
സംരക്ഷണം ലഭിക്കുമെന്ന് കണ്ടെത്തിയിരുന്നത്. എന്നാൽ രണ്ടാമത്തെ ഡോസ് എടുത്തുകഴിഞ്ഞ് ഏഴ് ദിവസത്തിനകം വാക്സിൻ സ്വീകരിച്ചയാൾക്ക് കൊവിഡിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതായി പരീക്ഷണങ്ങളിൽ നിന്ന് വ്യക്തമായി.രണ്ട് ഡോസ് വാക്സിന് അടിയന്തര അനുമതി തേടി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ സമീപിക്കാൻ ഫൈസർ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

43,000ത്തിലധികം വോളന്റിയർമാരിൽ വാക്സിന്റെ രണ്ട് ഡോസുകളോ മരുന്നെന്ന പേരിൽ മറ്റു വസ്തുവോ നൽകി നടത്തിയ പരീക്ഷണത്തിൽ 94 പേർക്ക് മാത്രമാണ് കൊവിഡ് ബാധിച്ചത്. വാക്സിൻ സ്വീകരിച്ചവരിൽ പത്ത് ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. ആയിരക്കണക്കിന് പേരിൽ തുടരുന്ന പരീക്ഷണങ്ങളുടെ ഫലം വരുന്ന ആഴ്ചകളിൽ പുറത്തുവിടുമെന്നും കമ്പനി വ്യക്തമാക്കി. വൈറസ് ബാധയിൽ നിന്ന് വാക്സിൻ ദീർഘകാല സംരക്ഷണം നൽകുമോ, ഒരിക്കൽ വൈറസ് ബാധിച്ചവർക്ക് വീണ്ടും കൊവിഡ് ബാധിക്കാതെ സംരക്ഷിക്കുമോ എന്ന കാര്യങ്ങളിലും ഫൈസർ പരീക്ഷണങ്ങൾ നടത്തി വരികയാണ്.