bihar

പാട്ന : ബീഹാറിൽ നാളെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ, ആഘോഷങ്ങൾക്കുള്ള ലഡു തയാറാക്കുന്ന തിരക്കിലാണ് ബി.ജെ.പി പ്രവർത്തകർ. പാട്ന സാഹിബ് നിയോജക മണ്ഡലത്തിലെ ബി.ജെ.പി പ്രവർത്തകർ ഒരു ക്വിന്റൽ ലഡുവിനാണ് ഓർഡർ നൽകിയിരിക്കുന്നത്. ബി.ജെ.പി സ്ഥാനാർത്ഥി തന്നെ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവിടുത്തെ പ്രവർത്തകർ.

ഓർഡർ കൊടുത്തത് പോരാഞ്ഞ് സ്വയം ലഡു നിർമാണവും ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുകയാണ്. നന്ദകിഷോർ യാദവ് ആണ് പാട്നയിലെ ബി.ജെ.പി സ്ഥാനാർത്ഥി. വൻ ഭൂരിപക്ഷത്തോടെ യാദവ് ജയിക്കുമെന്ന് പറയുന്ന അനുയായികൾക്ക് ഒട്ടും ടെൻഷനുമില്ല.

ബീഹാറിൽ എൻ.ഡി.എ വീണ്ടും വിജയിക്കുമെന്നും നിതീഷ് കുമാർ സർക്കാർ ബീഹാറിനെ വിജയപാതയിലേക്ക് നയിച്ചെന്നും ഇവർ പറയുന്നു. നിലവിൽ നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായ നന്ദകിഷോർ യാദവ് 2010 മുതൽ പാട്ന സാഹിബിലെ പ്രതിനിധിയാണ്.