കൊച്ചി: കൊവിഡ് കാലത്ത് ഓഹരികളും കടപ്പത്രങ്ങളും ഉൾപ്പെടെ ഒട്ടുമിക്ക നിക്ഷേപ - സാമ്പത്തിക മേഖലകളും തകർന്നപ്പോൾ ശുക്രനുദിച്ചത് സ്വർണത്തിന് മാത്രമായിരുന്നു. എന്നാൽ, ഇപ്പോൾ കൊവിഡിനെതിരായി പരീക്ഷണഘട്ടത്തിലായിരുന്ന വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന അമേരിക്കൻ കമ്പനി ഫൈസറിന്റെ പ്രഖ്യാപനത്തിൽ ഞെട്ടിയിരിക്കുകയാണ് പൊന്ന്.
ഫൈസറിന്റെ വാദത്തിന് പിന്നാലെ രാജ്യാന്തര സ്വർണവില ഇന്നലെ ഔൺസിന് 100 ഡോളറിനുമേൽ ഇടിഞ്ഞു. ഔൺസിന് 1,965 ഡോളറിൽ വ്യാപാരം തുടങ്ങിയ സ്വർണവില, ഇന്നലെ ഇന്ത്യൻ സമയം രാത്രി പത്തോടെ 1,857 ഡോളറിലേക്ക് കൂപ്പുകുത്തി. ഇന്ത്യയിലെ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എം.സി.എക്സ്) വില പത്തു ഗ്രാമിന് ആയിരം രൂപയും ഇടിഞ്ഞു.
കൊവിഡ് കാലത്ത്, ഓഹരി-കടപ്പത്ര വിപണികൾ തകർന്നപ്പോൾ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഇപ്പോൾ വാക്സിൻ സജ്ജമാകുന്ന വാർത്തയും ഓഹരി വിപണികളുടെ തിരിച്ചുകയറ്റവുമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. ആഗസ്റ്റിൽ രാജ്യാന്തര സ്വർണവില 2,070 ഡോളർ വരെ ഉയർന്ന് റെക്കാഡിട്ടിരുന്നു. വില വൈകാതെ 1,750 ഡോളറിലേക്ക് കൂപ്പുകുത്തിയേക്കുമെന്നാണ് നിരീക്ഷകരുടെ വാദം.
കേരളത്തിൽ വില
കുറഞ്ഞേക്കും
ആഗസ്റ്റ് ഏഴിന് കുറിച്ച 42,000 രൂപയാണ് പവന് കേരളത്തിലെ റെക്കാഡ് വില. അന്ന് ഗ്രാമിന് വില 5,250 രൂപ. പിന്നീട് താഴേക്കിറങ്ങിയ വില വീണ്ടും ഉയരത്തിലേക്ക് നീങ്ങവേയാണ് ഇടിവിന്റെ വാർത്ത വരുന്നത്. ഇന്നലെ രാവിലെ കേരളത്തിൽ വില ഗ്രാമിന് 20 രൂപ കൂടി 4,860 രൂപയായിരുന്നു; പവന് 160 രൂപ വർദ്ധിച്ച് 38,880 രൂപയുമായി. ഇന്ന് വില കുറയാനാണ് സാദ്ധ്യത.
ഇടിവിന് പിന്നിൽ
അമേരിക്കയിൽ ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ കൂടുതൽ ഉത്തേജക പദ്ധതിയിൽ ഉണ്ടാകുമെന്ന സൂചന.
ഓഹരി വിപണികൾ വീണ്ടും നേട്ടത്തിലേറിയത്.
കൊവിഡിനെതിരായ വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന അമേരിക്കൻ കമ്പനി ഫൈസറിന്റെ വാദം.