vijayashanti

ഹൈദരാബാദ്: നേതൃത്വവുമായി അകന്ന് നില്‍ക്കുന്ന പ്രമുഖ തെലുങ്ക് നടിയും മുന്‍ എം.പിയുമായ എം വിജയശാന്തി ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് അവര്‍ ബിജെപിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകൾ. വിജയശാന്തി ബി.ജെ.പിയിലേക്ക് മടങ്ങുമെന്ന സൂചനകള്‍ കോണ്‍ഗ്രസ് നേതൃത്വം പങ്കുവയ്ക്കുന്നുണ്ട്.

ദുബ്ബാക് നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ അവര്‍ ബി.ജെ.പിയിലേക്കുള്ള മടങ്ങിപ്പോക്ക് പ്രഖ്യാപിച്ചേക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഞായറാഴ്ച വിജയശാന്തി നടത്തിയ ട്വീറ്റ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുള്ള സൂചനകളാണ്.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി. ഈ സാഹചര്യം ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കാരണമായതെന്നുമാണ് വിജയശാന്തി ട്വീറ്റ് ചെയ്തത്. ഇതോടെ ഇവര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമായി. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകയായിരുന്ന വിജയശാന്തി തെലങ്കാന കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷയുമാായിരുന്നു. നേതൃത്വം അവഗണിക്കുന്നത് ഉള്‍പ്പെടെയുള്ള ആരോപണം ശക്തമാക്കിക്കൊണ്ട് സജീവ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു അവര്‍. കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തിയതോടെ അവര്‍ ബി.ജെ.പിയിലേക്ക് മടങ്ങുന്നതായുള്ള വാര്‍ത്തകളും സജീവമായി. 1998-ല്‍ മഹിളാ മോര്‍ച്ച സെക്രട്ടറിയായിരുന്നു വിജയശാന്തി.


വിജയശാന്തി ബി.ജെ.പിയിലേക്ക് മടങ്ങിയാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടിയാകും
തെന്നിന്ത്യന്‍ സിനിമ താരവും കോണ്‍ഗ്രസ് വക്താവുമായിരുന്ന ഖുശ്ബു സുന്ദര്‍ കഴിഞ്ഞ മാസമാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. രാജി വ്യക്തമാക്കി തയ്യാറാക്കിയ കത്തില്‍ തമിഴ്നാട് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഖുശ്ബു നടത്തിയത്.


കോണ്‍ഗ്രസിലെ പല മുതിര്‍ന്ന നേതാക്കള്‍ക്കും താഴേക്കിടയിലുള്ളവരുമായി ബന്ധമില്ല. ഇതിനാല്‍ താന്‍ പാര്‍ട്ടിയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. അടിസ്ഥാന യാഥാര്‍ഥ്യങ്ങളുമായി ബന്ധമില്ലാത്ത ചിലരാണ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന തന്നേപ്പോലെയുള്ളവര്‍ തഴയപ്പെടുകയാണ്. പാര്‍ട്ടിയുമായി യോജിച്ച് പോകാനുള്ള സാഹചര്യമില്ലെനും ഖുശ്ബു ആരോപിച്ചിരുന്നു.