കൊച്ചി: ആറര മണിക്കൂർ നീണ്ട ചോദ്യം കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചതിനെ തുടർന്ന് മന്ത്രി കെ.ടി ജലീൽ പുറത്തിറങ്ങി. എന്‍.ഐ.എയുടെയും ഇ.ഡിയുടെയും ചോദ്യം ചെയ്യലിന് രഹസ്യമായെത്തിയ മന്ത്രി കസ്റ്റംസ് ചോദ്യം ചെയ്യലിന് എത്തിയത് ഔദ്യോഗിക അകമ്പടിയോടെയാണ്. ഇന്ന് രാവിലെ 10 മണിയോടെ ചോദ്യം ചെയ്യലിന് എത്താനാണ് മന്ത്രിയോട് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ കസ്റ്റംസ് എ.സി.പിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ഓഫീസ് അണുവിമുക്തമാക്കിയ ശേഷമാണ് മന്ത്രി എത്തിയത്. യു.എ.ഇയില്‍ നിന്നും നയതന്ത്ര പാഴ്‌സലായി എത്തിയ ഖുരാന്‍ ചട്ടങ്ങള്‍ പാലിക്കാതെ സംസ്ഥാനത്ത് വിതരണം ചെയ്തുവെന്ന കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ മന്ത്രിയുടെ മൊഴിയെടുത്തു എന്നാണ് ലഭിക്കുന്ന വിവരം.
ഒപ്പം യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള ഈന്തപ്പഴ വിതരണം, മന്ത്രിയുടെ മണ്ഡലത്തിൽ നടത്തിയ റമദാന്‍ കിറ്റ് വിതരണം എന്നിവയെക്കുറിച്ചും ജലീലിൽ നിന്നും കസ്റ്റംസ് വിവരങ്ങൾ ശേഖരിച്ചു എന്നും റിപ്പോർട്ടുണ്ട്. മന്ത്രിയുടെ ഭാഗത്തുനിന്നും ജാഗ്രതക്കുറവുണ്ടായി എന്നാണ് കസ്റ്റംസിന്റെ നിലപാട്. ഇപ്പോൾ നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷമാകും മന്ത്രി ജലീലിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന് കസ്റ്റംസ് അന്വേഷണ സംഘം തീരുമാനിക്കുക.