covid-vaccine

പാരിസ്: കൊവിഡ് വാക്‌സിൻ സുരക്ഷയെ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനായി ആദ്യ വാക്‌സിൻ എടുക്കാൻ താൻ തയ്യാറാണെന്ന് അറിയിച്ച് ഫൈസർ സി.ഇ.ഒ ആൽബർട്ട് ബർല. ഫൈസറും ജർമൻ കമ്പനി ബയേൺടെക്കും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായതിന് പിന്നാലെയാണ് ബർല ഇക്കാര്യം പറഞ്ഞത്.

"വാക്‌സിൻ ആദ്യം എടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ ധാർമ്മികമായ ചില പരിഗണനകൾ കാണേണ്ടതുണ്ട്. പരിമിതമായ ഡോസുകൾ മാത്രമാണുള്ളത് എന്റെ പ്രായത്തിലുള്ള ആളുകളെ സർക്കാർ ശുപാർശ ചെയ്യുമോയെന്ന് അറിയില്ല. വാക്‌സിൻ ആദ്യം എടുക്കാൻ സാധിക്കുമോയെന്ന് അറിയില്ല. എന്നാൽ ഞാൻ ഈ തീരുമാനത്തെ ബഹുമാനിക്കുന്നു." ആൽബർട്ട് ബർല പറഞ്ഞു.

ആരോഗ്യമേഖലയിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും കഴിഞ്ഞ നൂറ് വർഷത്തിനിടയിൽ സ്വാധീനം ചെലുത്തുന്ന ഏറ്റവും വലിയ മെഡിക്കൽ മുന്നേറ്റമാണ് കൊവിഡ് വാക്സിൻ എന്ന് താൻ വിശ്വസിക്കുന്നതായും ബർല അഭിപ്രായപ്പെട്ടു. ഈ വർഷം അമ്പത് ദശലക്ഷം ഡോസുകൾ ലഭ്യമാകുമെന്നും 2021ൽ 1.3 ബില്യൺ ഡോസുകൾ ലഭ്യമാകുമെന്നും ബർല പറഞ്ഞു. രണ്ടാമത്തെ ഡോസ് എടുത്തുകഴിഞ്ഞ് ഏഴ് ദിവസത്തിനകം വാക്സിൻ സ്വീകരിച്ചയാൾക്ക് കൊവിഡിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതായി പരീക്ഷണങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇതിന് പിന്നാലെ രണ്ട് ഡോസ് വാക്സിന് അടിയന്തര അനുമതി തേടി യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്ട്രേഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഫൈസർ.