വീടിന്റെ നാഭിയുടെ ബാക്കിയാണ് ഇക്കുറിയും. ഊർജരേഖകളും ചരിവും കണ്ടെത്തി വസ്‌തുവിന്റെ നാഭി തീരുമാനിച്ചാൽ വീടിനുള്ള സ്ഥാനം കാണൽ കഴിഞ്ഞുവെന്ന് കരുതരുത്. വസ്‌തുവിലുള്ള മറ്റ് നിർമ്മാണങ്ങളും നോക്കണം. നിർമ്മാണങ്ങളില്ലാത്ത പുതിയ വസ്‌തുവാണെങ്കിൽ റോഡുകളുടെ ദിശ മാറ്റവും അത് നാഭിയിലേയ്‌ക്ക് ചെലുത്തിയേക്കാവുന്ന ഊർജ വ്യതിയാനവും കണ്ടുപിടിക്കണം. വസ്‌തുവിൽ തെക്കും പടിഞ്ഞാറും ഉയർത്തിയും വടക്കും കിഴക്കും താഴ്‌ത്തിയും ആദ്യം തന്നെ മതിൽ കെട്ടുകയാണെങ്കിൽ നാഭി നിർണയത്തിന് കുറച്ചു കൂടി വേഗം കൈവരുകയും വീട് പണി വേഗത്തിൽ തീരുകയും ചെയ്യും.
നാഭിയിലേയ്‌ക്ക് വന്നേക്കാവുന്ന ഊർജവ്യതിയാനങ്ങൾ തെക്കു നിന്ന് പടിഞ്ഞാറേയ്‌ക്കും അവിടെ നിന്ന് മദ്ധ്യവും വടക്കുപടിഞ്ഞാറും വടക്കുകിഴക്കും വഴി കിഴക്കിലേക്കാവും പ്രവഹിക്കുക. ഈ പ്രവാഹത്തിനിടയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ കൂടി കാണുക തന്നെ വേണം. അതായത് നാഭി തീരുമാനിക്കുമ്പോൾ കെട്ടിടത്തിന്റെ മൂലയും മദ്ധ്യങ്ങളും കോണുകളും അസ്വസ്ഥമാകുന്ന അവസ്ഥയുണ്ടാകരുത്. അതിന് നാലു മൂലയിലും കയർ കെട്ടി നാലുവശത്തെയും നേർമദ്ധ്യങ്ങൾ കണ്ടെത്തണം, ഈ മദ്ധ്യങ്ങളിൽ കെട്ടിടത്തിന്റെ ഭിത്തി ഭാഗം വരാതെ നോക്കി നാഭി അന്തിമമായി തീരുമാനിക്കാം. ജനാലകളോ വാതിലുകളോ അവിടെ വരുന്നതുപോലെ മനസിൽ മുൻപേ ക്രമപ്പെടുത്തണമെന്ന് സാരം. വീടിന്റെ നാഭി തീരുമാനിക്കുന്നതിന് മുൻപ് കഴിവതും കിണറിന് സ്ഥാനം നിർണയിക്കരുത്. ഫൗണ്ടേഷൻ കെട്ടിക്കഴിഞ്ഞേ കിണറിന് സ്ഥാനം കാണാവൂ.
നാഭി കണ്ടെത്തി കുറ്റിയടിക്കുമ്പോൾ ആ കുറ്റി മൊത്തം വസ്‌തുവിന്റെ ഏകദേശ തെക്കുപടിഞ്ഞാറിലായിരിക്കും. ചിലയിടത്ത് ഭൂമിയുടെ ചരിവു കൂടി ക്രമീകരിക്കണം. തെക്കും പടിഞ്ഞാറും താരതമ്യേന കുറവായി വന്നാൽ നാഭി നിർണയം ഏറെക്കുറെ ശരിയായെന്ന് പറയാം. അടിക്കുന്ന കുറ്റി തെക്കു പടിഞ്ഞാറു മൂലയിലെ ഭിത്തിയിലെ 90 ഡിഗ്രിയിൽ നിൽക്കുന്ന കേന്ദ്രം തന്നെയാകണം. ഈ കുറ്റിയിൽ ക്രമപ്പെടുത്തി മാത്രമെ മറ്റു മുറികളിലേക്ക് അളവെടുത്ത് മുറികളെ സ്ഥാനപ്പെടുത്താൻ പാടുള്ളു. എഞ്ചിനിയർ അളവെടുക്കുമ്പോൾ കുറ്റിയിൽ നിന്ന് ഓരോ മുറിയിലേയ്‌ക്കുമുള്ള അളവ് ഇടയ്‌ക്കിടെ ഉറപ്പാക്കണം. അപ്പോൾ കൃത്യത ഉറപ്പിക്കാനാവും. ഫൗണ്ടേഷൻ കെട്ടുമ്പോൾ നാലു മൂലകളിലും 90 ഡിഗ്രി വരാതിരിക്കാം. പക്ഷേ അത് മൂന്നിടത്ത് പരമാവധി ഉറപ്പാക്കണം- തെക്കു പടിഞ്ഞാറും തെക്കുകിഴക്കും വടക്കു പടിഞ്ഞാറും. വടക്കുകിഴക്കിൽ 90 ഡിഗ്രിയിൽ അൽപം കുറഞ്ഞാലും കുഴപ്പമില്ല. നാഭി നിർണയത്തിൽ പറ്റുന്ന പാളിച്ച പിന്നീട് വലിയ പ്രതിസന്ധികൾ ഉണ്ടാക്കിയതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. വീടുകളെപ്പോലെ തന്നെ കടകൾക്കും ഈ നാഭി നിർണയും അത്യന്താപേക്ഷിതമാണ്. പക്ഷേ കടകളോ വ്യാപാരസ്ഥാപനങ്ങളോ ആവുമ്പോൾ കൃത്യം കന്നിയിൽ തന്നെ ഇരിപ്പിടം സജ്ജമാക്കാനുള്ള വിസ്‌താരവും മൊത്തത്തിലുള്ള ഫോക്കസ് ഗുണങ്ങളും കൂടി ചേർത്ത് വയ്‌ക്കണം.
സംശയങ്ങളും മറുപടി
ഫിഷ് ടാങ്ക് വീട്ടിനുള്ളിൽ വച്ചാൽ വാസ്‌തു ദോഷങ്ങൾ മാറുമോ?
ചന്ദ്രശേഖരൻ മൺട്രോ തുരുത്ത്
ഫിഷ് ടാങ്ക് വീട്ടിൽ വച്ചാൽ വാസ്‌തുദോഷം മാറുമെന്നതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. തന്നെയുമല്ല വീടിനുള്ളിൽ അത് ഭാരം ഉണ്ടാക്കാനും ഇടയാക്കും. വീടിന് വെളിയിൽ കൗതുകത്തിന് വയ്‌ക്കാമെന്നു മാത്രം. ചില കോണുകളിൽ വച്ചാൽ വാസ്‌തുദോഷം ഉണ്ടാവുകയും ചെയ്യും.