cbi

ചണ്ഡീഗഡ്‌: കേരളത്തിന് പിന്നാലെ സംസ്ഥാനത്ത് സി.ബി.ഐക്ക് നിയന്ത്രണമേർപ്പെടുത്തി
പഞ്ചാബ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
എക്‌സിക്യൂട്ടിവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാക്കുമെന്നും സർക്കാർ അറിയിച്ചു.
ഇതോടെ അന്വേഷണത്തിനായി സി.ബി.ഐക്ക് നൽകിയിരുന്ന പൊതു സമ്മതം റദ്ദാക്കിയ ഒമ്പതാമത്തെ സംസ്ഥാനമാണ് പഞ്ചാബ്.

രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാൻ കേന്ദ്രസർക്കാർ സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്‌ച ഝാർഖണ്ഡും സി.ബി.ഐക്ക് നൽകിയിരുന്ന
പൊതുസമ്മതം പിൻവലിച്ചിരുന്നു. കേരളം സി.ബി.ഐക്ക് കടിഞ്ഞാണിട്ടതിന് പിന്നാലെയായിരുന്നു കോൺഗ്രസ് ഭരിക്കുന്ന ഝാർഖണ്ഡിന്റെ നീക്കം.

നേരത്തെ ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ത്രിപുര, മിസോറാം എന്നീ
സംസ്ഥാനങ്ങൾ സി.ബി.ഐക്കുള്ള പൊതുസമ്മതം പിൻവലിച്ചിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ ഇനി സി.ബി.ഐക്ക് ഇവിടങ്ങളിൽ കേസെടുക്കാനാകില്ല.