'വോഗ് ഇന്ത്യ'യുടെ 'വുമൺ ഓഫ് ദി ഇയർ' സീരീസിൽ ഇടം നേടിയ കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ചിത്രം മാസികയിൽ വന്നത് നടൻ ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈൽ ചിത്രമാക്കിയത് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ്. തന്റെ രാഷ്ട്രീയ നിലപാടുകൾ അത്രകണ്ട് പരസ്യമാക്കാത്ത ഫഹദ് ഇപ്പോൾ ഈ നിലപാട് കൈകൊണ്ടത് പലരെയും ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്.
സ്ത്രീപക്ഷരാഷ്ട്രീയത്തെയും ഇടതുപക്ഷ രാഷ്ട്രീയത്തെയും സംബന്ധിച്ചുള്ള തന്റെ നിലപാട് പരസ്യമാക്കിയതിൽ നിരവധി പേരാണ് നടനെ പ്രശംസിച്ചുകൊണ്ട് കമന്റ് ബോക്സിൽ എത്തിയത്. എന്നാൽ ഇതിൽ കുറച്ച് പേർ നടനെ വിമർശിക്കുന്നുമുണ്ട്. വലതുപക്ഷ, തീവ്ര വലതുപക്ഷ നിലപാടുകളാണ് ഇത്തരക്കാർ തങ്ങളുടെ കമന്റുകളിലൂടെ വ്യക്തമാക്കുന്നത്. ഫഹദിന്റെ ചിത്രങ്ങൾ ഇനി മുതൽ ആരും കാണാൻ പാടില്ലെന്നാണ് ഇവർ പറയുന്നത്.
തങ്ങൾ വിചാരിച്ചാൽ ഫഹദിന്റെ ചിത്രങ്ങളുടെ റിലീസുകൾ തടയാനാകുമെന്നും ഇവർ കമന്റ് ബോക്സിൽ ഭീഷണി മുഴക്കുന്നുണ്ട്. ഒപ്പം രസകരമായ സർക്കാസ്റ്റിക് കമന്റുകളും ചിലർ ഫഹദിന് പോസ്റ്റിനു കീഴിൽ ഇടുന്നുണ്ട്. 'തന്റെ കമ്മട്ടിപാടവും ചാർളിയുമെല്ലാം എത്രതവണ കണ്ടതാണ്... ഇനി കാണില്ല' എന്നാണ് ഇക്കൂട്ടത്തിൽ ഒരു വിദ്വാൻ കമന്റിട്ടിരിക്കുന്നത്. 'താങ്കളുടെ ഈ പ്രവൃത്തി കാരണം എനിക്ക് നസ്രിയയോടുള്ള ഇഷ്ടവും പോയി' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തിരിക്കുന്നത്.