മോസ്‌കോ: റഷ്യൻ നിർമിത കൊവിഡ് വാക്‌സിൻ സ്പുട്‌നിക് അഞ്ച് 90 ശതമാനത്തിലധികം സുരക്ഷിതവും ഫലപ്രദവുമെന്ന് ആരോഗ്യമന്ത്രാലയ വക്താവ്. നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
യു.എസ് ഫാർമ കമ്പനിയായ ഫൈസറും ജർമൻ കമ്പനി ബയേൺടെക്കും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്സിൻ 90 ശതമാനം ഫലപ്രദമാണെന്ന കമ്പനിയുടെ പ്രസ്‌താവന പുറത്തുവന്നതിന് പിന്നാലെയാണ് റഷ്യൻ ആരോഗ്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ.
"വിവിധ പൗരന്മാരിൽ നടത്തിയ സ്പുട്‌നിക് അഞ്ച് വാക്‌സിൻ പരീക്ഷണം ഫലപ്രദമാണ്.
ഞങ്ങളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി, ഇത് 90 ശതമാനത്തിൽ കൂടുതൽ ഫലപ്രദമായ മറ്റൊരു വാക്സിനാണ്. ഇത് ഏവർക്കും ഒരു സന്തോഷവാർത്തയാണ്." റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടർ ഒക്സാന ഡ്രാപ്കിന പ്രസ്‌താവനയിൽ പറഞ്ഞു.