'വോഗ് ഇന്ത്യ'യുടെ 'വിമെൻ ഒഫ് ദി ഇയർ' പട്ടികയിൽ ഇടം നേടിയ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ അളവറ്റ പ്രശംസയും അഭിനന്ദനങ്ങളുമാണ് തേടിയെത്തുന്നത്. സോഷ്യൽ മീഡിയയും മാദ്ധ്യമങ്ങളും ആരോഗ്യമന്ത്രിയുടെ ഈ വിജയം ആഘോഷമാക്കുന്നുണ്ട്. എന്നാൽ ഇതിനിടയിലും പട്ടികയിൽ ഇടം നേടിയ മറ്റൊരു മലയാളി സ്ത്രീയെ പ്രശംസിക്കാൻ നാം മറന്നുപോകുന്നു എന്നതാണ് വാസ്തവം.
കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലെ നേഴ്സായ രേഷ്മ മോഹൻദാസാണ് ആരോഗ്യമന്ത്രിക്കൊപ്പം വോഗിന്റെ പട്ടികയിൽ ഇടം നേടിയ മറ്റൊരാൾ. കൊവിഡ് രോഗം ബാധിച്ച് രോഗം ഭേദമായ ശേഷം ഡ്യൂട്ടിയിലേക്ക് മടങ്ങിയെത്തിയ രേഷ്മയുടെ കർത്തവ്യബോധത്തെ മാസിക അതിന്റെ ലേഖനത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ കൊവിഡ് രോഗികളെ പരിപാലിക്കാനും അവർക്ക് ആവശ്യമായ ചികിത്സ നൽകി രോഗം ഭേദമാക്കാനും സദാ ചികിത്സകരുടെ കൂടെ നിന്നയാളാണ് രേഷ്മയെന്നും ലേഖനത്തിൽ പറയുന്നു. ഒപ്പം, കേരളത്തിന്റെ ആരോഗ്യസംവിധാനത്തിൽ പൂർണമായ വിശ്വാസമുള്ളയാളാണ് ഈ നേഴ്‌സെന്നും വോഗ് ഇന്ത്യാ ആർട്ടിക്കിൾ വിശദീകരിക്കുന്നു. പ്രിയങ്ക ചോപ്ര, വിദ്യ ബാലൻ എന്നിവരാണ് മലയാളീ ബന്ധമുള്ള പട്ടികയിലെ മറ്റ് രണ്ടുപേർ.