പട്‌ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മഹാസഖ്യവും എൻ ഡി എയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യഘട്ടത്തിൽ മുന്നിട്ട് നിന്ന് മഹാസഖ്യം ഇപ്പോൾ പിന്നിലായി. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുമ്പോൾ എൻ ഡി എ 123 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മഹാസഖ്യം 111 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ചിരാഗ് പാസ്വാന്റെ എൽ ജെ പി എട്ട് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തന്നെ ആർ ജെ ഡി മുന്നേറ്റം ശ്രദ്ധേയമായി. പോസ്റ്റൽ വോട്ടുകളിൽ ജെ ഡി യു പിന്നിൽ പോയപ്പോൾ ബി ജെ പി മുന്നേറി.
ആർ ജെ ഡി 79 സീറ്റുകളിലും കോൺഗ്രസ് 22 സീറ്റുകളിലും ഇടതു പാർട്ടികൾ 13 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. എൻ ഡി എയിൽ ജെ ഡി യു 51 സീറ്റുകളിലും ബി ജെ പി 63 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ഹസൻപൂരിൽ തേജസ് പ്രതാപ് യാദവും രാഘോപൂരിൽ തേജസ്വി യാദവും ബഹുദൂരം മുന്നിലാണ്.
പതിനഞ്ച് വർഷം ബീഹാർ ഭരിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ ഡി യു കടുത്ത ജനരോക്ഷം നേരിടുന്നുവെന്ന സൂചനയാണ് ആദ്യമണിക്കൂറിലെ ഫലസൂചനകളിൽ നിന്നും വ്യക്തമാകുന്നത്. എൻ ഡി എയിൽ നിതീഷിന്റെ പാർട്ടിയെ മറികടന്ന് വൻമുന്നേറ്റം നടത്താൻ ബി ജെ പിക്കായിട്ടുണ്ട്. ആർ ജെ ഡിക്കും ബി ജെ പിക്കും പിറകിലേക്ക് ജെ ഡി യു പിന്തളളപ്പെടുന്ന കാഴ്‌ചയാണ് കാണുന്നത്.
ചിരാഗ് പാസ്വാനെ മുന്നിൽ നിർത്തിയുളള രാഷ്ട്രീയ നീക്കം ഭരണകക്ഷിയായ ജെ ഡി യുവിനെ വെട്ടിലാക്കി എന്ന സൂചനയാണ് ആദ്യഘട്ടത്തിൽ പുറത്തു വരുന്നത്. ഏഴ് കോടി വോട്ടർമാരാണ് ബിഹാർ തിരഞ്ഞെടുപ്പിൽ ഇക്കുറി വോട്ട് ചെയ്തത്. 243 അംഗ ബിഹാർ നിയമസഭയിൽ 122 ആണ് അധികാരം നേടാൻ വേണ്ട മാന്ത്രികസംഖ്യ.
55 കേന്ദ്രങ്ങളിൽ 414 ഹാളുകളിലായാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. കേന്ദ്ര സായുധ സേന, ബീഹാർ മിലിട്ടറി പൊലീസ്, ബീഹാർ പൊലീസ് എന്നിവരാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും പ്രശ്‌ന സാദ്ധ്യത പ്രദേശങ്ങൾക്കും വലയം തീർത്തിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയേയും ബീഹാറിൽ വിന്യസിച്ചിട്ടുണ്ട്.