bihar-election

പട്‌ന: വാശിയേറിയ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻ ഡി എ മുന്നിൽ. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ ആദ്യ ഒന്നര മണിക്കൂർ വ്യക്തമായ ലീഡാണ് മഹാസഖ്യത്തിനുണ്ടായിരുന്നത്. എന്നാൽ മത്സരം പിന്നീട് ഇഞ്ചോടിഞ്ചായി. ഒരു ഘട്ടത്തിൽ മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന പ്രതീതിയുണ്ടായി. അതേസമയം ലീഡ് നിലയിൽ പതിയെ മുന്നേറിയ എൻ ഡി എ പതിയെ മഹാസഖ്യത്തിന്റെ ലീഡ് നില മറികടക്കുകയായിരുന്നു.

വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ എൻ ഡി എ 131 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. മഹാസഖ്യം 99 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ചിരാഗ് പാസ്വാന്റെ എൽ ജെ പി ആറ് സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ബി ജെ പിയും ആർ ജെ ഡിയും തമ്മിൽ കനത്ത മത്സരമാണ് നടക്കുന്നത്. മഹാസഖ്യത്തിൽ കോൺഗ്രസിനും ഇടതുപാർട്ടികൾക്കും കൂടുതൽ സീറ്റുകൾ നൽകിയത് ആർ ജെ ഡിക്ക് തിരിച്ചടിയായി മാറിയിട്ടുണ്ട്.

ആർ ജെ ഡി 60 സീറ്റുകളിലും കോൺഗ്രസ് 20 സീറ്റുകളിലും ഇടതു പാർട്ടികൾ 19 സീറ്റുകളിലും മുന്നിട്ട് നിൽക്കുകയാണ്. എൻ ഡി എയിൽ ജെ ഡി യു 53 സീറ്റുകളിലും ബി ജെ പി 71 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. ഹസൻപൂരിൽ തേജസ് പ്രതാപ് യാദവ് പിന്നിലും രാഘോപൂരിൽ തേജസ്വി യാദവ് ബഹുദൂരം മുന്നിലാണ്.

എൻ ഡി എയിൽ ജെ ഡി യുവിനെക്കാൾ ബി ജെ പി സീറ്റുകളുടെ എണ്ണം വർദ്ധിച്ചത് സഖ്യത്തിൽ മുറുമുറുപ്പിന് വഴിയൊരുക്കിയിട്ടുണ്ട്. ബി ജെ പി നിശ‌ബ്ദമായി തങ്ങളെ ചതിച്ചുവെന്ന ആരോപണവുമായി ജെ ഡി യുവിന്റെ പല പ്രാദേശിക നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ആർ ജെ ഡിക്കും ബി ജെ പിക്കും പിറകിലേക്ക് ജെ ഡി യു പിന്തളളപ്പെടുന്ന കാഴ്‌ചയാണ് കാണുന്നത്.

ആ‍‍ർ ജെ ഡിയും ജെ ഡി യുവും നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലങ്ങളിലെല്ലാം ആ‍ർ ജെ ഡി മുന്നിട്ട് നിൽക്കുന്നത് ജെ ഡി യുവിന് തിരിച്ചടിയായി. ബി ജെ പി തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെല്ലാം കരുത്തുകാട്ടി.