പട്ന : കൊവിഡ് ഭീതിക്കിടയിൽ ബീഹാറിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലസൂചന പുറത്തു വരുമ്പോൾ ബീഹാർ മുഖ്യമന്ത്രി കസേരയിൽ നിന്നും നിതീഷ് കുമാർ തിരികെ എത്തുമോ എന്ന് ഉറപ്പായിട്ടില്ല.
ഫലസൂചനകളുടെ ആദ്യ ഘട്ടത്തിൽ ആർ ജെ ഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം ലീഡ് ചെയ്‌തെങ്കിലും, പിന്നീട് എൻ ഡി എ മുന്നിട്ട് നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ ബീഹാറിന്റെ ജനകീയ മുഖമായി കഴിഞ്ഞ 15 വർഷമായി എൻ ഡി എ ഉയർത്തിക്കാട്ടുന്ന നിതീഷ് കുമാറിനും അദ്ദേഹത്തിന്റെ പാർട്ടിക്കും വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. എൻ ഡി എ അധികാരത്തിലെത്തിയാലും ജെ ഡി യുവിന് മുഖ്യമന്ത്രി കസേരയടക്കം പ്രമുഖ സ്ഥാനത്തേയ്ക്ക് വിലപേശാൻ കഴിയില്ല എന്നത് ഉറപ്പായിരിക്കുകയാണ്.
ബീഹാർ രാഷ്ട്രീയം പരിശോധിച്ചാൽ ഓരോ പതിനഞ്ച് വർഷം കൂടുന്തോറും പ്രതിപക്ഷം അധികാരത്തിൽ വരുന്ന കാഴ്ചയാണ് മൂന്ന് ദശാബ്ദമായി കണ്ടുവരുന്നത്. ലാലു - റാബ്രി സർക്കാരിന്റെ പതിനഞ്ച് വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് നിതീഷ് കുമാർ 2005ൽ അധികാരത്തിൽ വന്നത്. പിന്നീട് നീണ്ട മൂന്ന് തിരഞ്ഞെടുപ്പിലും കരുത്തുറ്റ പ്രകടനം കാഴ്ചവച്ച നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രിയായി തുടരുകയായിരുന്നു. എന്നാൽ ഇക്കുറി അദ്ദേഹത്തിന്റെ നില പരുങ്ങലിലാണ്. നിതീഷിന് ബീഹാറിൽ തിരിച്ചടിയായത് യുവാക്കളുടെ മനംമാറ്റമായിരുന്നു എന്ന് വ്യക്തമായി കാണാനാവും.
ജാതി മാറി പ്രചരണം ജോലിയിൽ
ബീഹാറിലെ മുഖ്യ പ്രതിപക്ഷമായ ആർ ജെ ഡിയുടെ യുവ മുഖമായ തേജസ്വി യാദവിനെ യുവാക്കൾ ഒന്നായി പിന്തുണച്ചു എന്നാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ തെളിയിക്കുന്നത്. കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് സംസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തിയ യുവാക്കളുടെ നിരാശയും ദേഷ്യവുമെല്ലാം നിതീഷ് കുമാർ സർക്കാരിനോടാണ് തീർക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് 2020 ഏപ്രിലിൽ 46.6 ശതമാനമായിരുന്നു, കഴിഞ്ഞ വർഷം ഇത് 10.3 ശതമാനമാനമായിരുന്നു എന്നത് തൊഴിലില്ലായ്മയുടെ രൂക്ഷത വെളിച്ചത്ത് കൊണ്ടുവരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വന്ന യുവാക്കളാണ് തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കുന്നതെന്ന പ്രവചനങ്ങൾ ഫല പ്രഖ്യാപനത്തോടെ സത്യമായി തീർന്നിരിക്കുകയാണ്.
തേജസ്വിയുടെ പിന്നാലെ യുവാക്കളെത്തി
തിരഞ്ഞെടുപ്പ് ഗോദയിൽ യുവാക്കളെ മോഹിപ്പിക്കുന്ന വാഗ്ദാനമാണ് ലാലു പുത്രനായ തേജസ്വി നൽകിയത്. പത്ത് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹത്തിന് യുവാക്കളെ കൈയ്യിലെടുക്കാൻ അധികം വിയർക്കേണ്ടി വന്നില്ല. മുഖ്യമന്ത്രിയാകുന്ന ദിവസം പത്ത് ലക്ഷം ജോലി വാഗ്ദാനം ചെയ്യുമെന്ന് അദ്ദേഹം തന്റെ റാലികളിൽ ആവർത്തിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് 4.5 ലക്ഷത്തോളം തസ്തികകൾ ഒഴിച്ചിട്ടിരിക്കുന്നതായും, തന്റെ സർക്കാർ അധികാരത്തിലേറിയാൽ ഉടൻ അത് നികത്തുമെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ ഒരു രജപുത്രനാണ്. 2010 ലും 2015 ലും ഞാൻ ബിജെപിക്കൊപ്പമായിരുന്നു. എന്നാൽ ഇത്തവണ ഞാൻ തേജസ്വി യാദവിനായി നിലകൊള്ളും കാരണം നിതീഷ് കുമാറിനെ നീക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾക്ക് ചെറുപ്പമാണ്, തേജസ്വി യുവാക്കളെക്കുറിച്ച് വ്യക്തമായി ചിന്തിക്കും. ഞങ്ങൾക്ക് ജോലി വേണം. ജോലിക്ക് അപേക്ഷിച്ചിട്ട് രണ്ട് വർഷമായി. പരീക്ഷയെഴുതിയിട്ട് വളരെക്കാലമായി, 'ഈസ്റ്റ് ചമ്പാരനിലെ മോതിഹാരിയിലെ മഹാത്മാഗാന്ധി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഒരു യുവാവിന്റെ അഭിപ്രായമാണിത്.
നിതീഷിന് വയസായി
ആധുനിക കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയാത്ത വൃദ്ധനായി നിതീഷ് കുമാർ മാറിയെന്ന പ്രതിപക്ഷത്തിന്റെ പ്രചരണങ്ങളും അദ്ദേഹത്തിന് തിരിച്ചടിയായി. പെൺകുട്ടികൾക്ക് സൈക്കിൾ നൽകുന്നത് മുഖ്യവികസനമായി കാണുന്ന മുഖ്യമന്ത്രിയെയാണോ 2020ൽ വേണ്ടതെന്ന ചോദ്യം കൊണ്ടത് യുവതീ യുവാക്കളുടെ നെഞ്ചിലാണെന്ന് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു.
കഴിഞ്ഞ 15 വർഷമായി നിതീഷ് കുമാർ സംസ്ഥാനത്തിന് പ്രത്യേക പദവി ആവശ്യമാണെന്ന് ആവർത്തിക്കുന്നുവെങ്കിലും, കേന്ദ്രത്തിലടക്കം അനുകൂല സാഹചര്യമുണ്ടായെങ്കിലും സംസ്ഥാനത്തിൽ വികസനം കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.