തിരുവനന്തപുരം : സംസ്ഥാനത്ത് അവധി ദിവസങ്ങളിൽ കൊവിഡ് പരിശോധന കുറയുന്നത് പതിവാകുന്നു. നേരത്തേ ഞായറാഴ്ചകളിൽ മാത്രമായിരുന്നെങ്കിൽ ,ഇപ്പോൾ ശനിയാഴ്ചയും സമാനമായ സ്ഥിതിയാണ്. പ്രവൃത്തി ദിവസങ്ങളിൽ മാത്രമാണ് സംസ്ഥാനത്ത് കാര്യമായ പരിശോധന നടക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ നിർണായഘട്ടത്തിലൂടെ കടന്നു പോകുന്ന സംസ്ഥാനത്ത് നേരിയ അശ്രദ്ധയ്ക്ക് പോലും വലിയ വില നൽകേണ്ടിവരുമെന്ന് ആരോഗ്യവിദഗ്ദ്ധർ ആവർത്തിക്കുന്നതിനിടെയാണ് അധികൃതരുടെ അലംഭാവം. ഇന്നലെ 32,489 സാമ്പിളുകളുടെ ഫലമാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതരായത് 3593 പേർ.
ഞായറാഴ്ച 48,978 പരിശോധനകളിൽ നിന്ന് 6853 രോഗികളെയും കണ്ടെത്തി. ശരാശരി 50,000 പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.അവധി ദിവസങ്ങളിൽ സർക്കാർ മേഖലകളിൽ പരിശോധന നടക്കുന്നുണ്ടെന്നും സ്വകാര്യ ലാബുകളിൽ കുറവു വരുന്നതാണ് എണ്ണം കുറയാൻ കാരണമെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നതിനാൽ പ്രതിദിന പരിശോധന തൃപ്തികരമാണെന്നും . നിലവിൽ ടെസ്റ്റ് പോസിറ്റിവിറ്റിയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് കേരളം. കഴിഞ്ഞയാഴ്ചയിലെ കണക്കനുസരിച്ച് 11.8 ശതമാനമാണ് ശരാശരി നിരക്ക്. ഒന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ നിരക്ക് 12.0ശതമാനമാണ്.
കിയോസ്ക്കുകൾ എവിടെ?
കൊവിഡ് വ്യാപനം രൂക്ഷമായതോടെ പരിശോധന വർദ്ധിപ്പിക്കാൻ പൊതുയിടങ്ങൾ കേന്ദ്രീകരിച്ച് കിയോസ്കുകൾ സ്ഥാപിക്കണമെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവ് ഇനിയും ഫലപ്രദമായി നടപ്പായിട്ടില്ല. കിയോസ്ക്കുകൾ സജീവമായാൽ പരിശോധനകളും ഉയരും.
എയർപോർട്ട്, റെയിൽവേസ്റ്റഷൻ, ബസ് സ്റ്റാൻഡുകൾ, ഷോപ്പിംഗ് മാളുകൾ, ജില്ലാ അതിർത്തികൾ ഇതോടൊപ്പം ജനങ്ങൾ കൂടുതലായി എത്തുന്ന മറ്റിടങ്ങളും കേന്ദ്രീകരിച്ച് ആന്റിജൻ പരിശോധനയ്ക്കുള്ള കിയോസ്ക്കുകൾ സ്ഥാപിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിട്ട് ഒരു മാസം കഴിഞ്ഞു.