sree

കൊച്ചി:വിവാദ യുട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികളായ ശ്രീലക്ഷ്മി അറയ്ക്കലിനും ദിയാ സനയ്ക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിക്കുകയും ചെയ്തു.

എന്നാൽ വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും മോഷണം നടത്തിയിട്ടില്ലെന്നുമായിരുന്നു ഭാഗ്യലക്ഷ്മിയും കൂട്ടരും വാദിച്ചത്. ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് വിജയ് പി നായരും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മുറിയിൽ അതിക്രമിച്ച് കയറി സാധനങ്ങൾ മോഷ്ടിക്കുകയും മർദ്ദിക്കുകയും ചെയ്ത പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു വിജയ് പി നായരുടെ വാദം. കേസിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിരുന്നു.

നേരത്തേ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ അഡീഷണൽ സെഷൻസ് കോടതി തളളിയിരുന്നു. ഇതിനെത്തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് ഒത്തുതീർപ്പ് ചർച്ചയ്ക്കുവേണ്ടിയാണ് വിജയ്.പി നായരുടെ താമസസ്ഥലത്തു പോയതെന്നാണ് പ്രതികൾ ജാമ്യഹർജിയിൽ വ്യക്തമാക്കിയിരുന്നത്. കഴിഞ്ഞ സെപ്തംബർ 26നായിരുന്നു പ്രതികൾ വിജയ് പി നായരെ ആക്രമിച്ചത്.