ed-raid-

തിരുവനന്തപുരം : കോടതിയുടെ സെർച്ച് വാറണ്ടുമായി ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ നിന്ന് ബാലാവകാശ കമ്മിഷനും പൊലീസും കഴിഞ്ഞ ദിവസം പിന്മാറിയെന്ന റിപ്പോർട്ടുണ്ടായിരുന്നു. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ സംസ്ഥാന പൊലീസിനോ ബാലാവകാശ കമ്മിഷനോ അധികാരമില്ലെന്ന നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് ഈ പിന്മാറ്റമെന്നാണ് ലഭിക്കുന്ന സൂചന.

ബിനീഷിന്റെ മകളുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ലെന്നും, റെയ്ഡ് നടന്നപ്പോഴുള്ള പരാതി അന്നുതന്നെ തീർപ്പാക്കിയതിനാൽ തുടർനടപടി ആവശ്യമില്ലെന്നുമാണ് കമ്മിഷനംഗം കെ.നസീർ വ്യക്തമാക്കുന്നത്. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസന്വേഷണം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നാണ് കമ്മിഷൻ നിലപാട്. വാറണ്ടുമായി റെയ്ഡിനെത്തിയ ഇ.ഡിക്കെതിരെ കേസ് അസാദ്ധ്യമാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായയും പറഞ്ഞു.


കേസെടുക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി വേണം

ബാലാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണെങ്കിലും, ഔദ്യോഗിക കൃത്യനിർവഹണം നടത്തിയ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്താൽ പുലിവാലാകുമെന്ന് ഉന്നത പൊലീസദ്യോഗസ്ഥർ നിലപാടെടുത്തു. റെയ്ഡിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ ഇ.ഡിയുടെ ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം കൈമാറാനേ പൊലീസിന് കഴിയൂ. നിയമവിരുദ്ധമായ നടപടികളുണ്ടായാൽ റെയ്ഡ് നടപടികൾ നേരിടുന്നവർ കേസ് പരിഗണിക്കുന്ന കോടതിയെ അറിയിക്കണം. കേസെടുക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി വേണമെന്നതും പൊലീസിനെ മാറ്റി ചിന്തിപ്പിച്ചു.

അതേസമയം കർണാടക കോടതിയുടെ വാറണ്ട് തടഞ്ഞെന്ന് കാട്ടി കമ്മിഷനെതിരെ കോടതിയലക്ഷ്യ കേസ് നൽകാൻ ഇ.ഡിക്ക് കഴിയും. ആളുകളെ വിളിച്ചുവരുത്തുന്നതു പോലുള്ള നടപടികൾക്കാണ് കമ്മിഷന് സിവിൽ കോടതിയുടെ അധികാരമുള്ളത്. പൊലീസിന്റെ ഇടപെടൽ കാരണം റെയ്ഡ് പൂർത്തിയാക്കാനായില്ലെന്ന് ഇ.ഡി വാദിച്ചാൽ, സെർച്ച് വാറണ്ട് തടഞ്ഞതിന് പൊലീസദ്യോഗസ്ഥർ കോടതിയലക്ഷ്യം നേരിടേണ്ടിവരും. ഇത്തരത്തിൽ ഗുരുതരമായ നിയമപ്രശ്നങ്ങളുണ്ടാവുമെന്ന് വ്യക്തമായതോടെയാണ് കേസിൽനിന്ന് പൊലീസും കമ്മിഷനും പിന്മാറിയത്.

കേന്ദ്രസംസ്ഥാന ബന്ധത്തെയും ബാധിക്കും

ഇ.ഡി അന്വേഷണം തടയുന്നത് കേന്ദ്രസംസ്ഥാന ബന്ധങ്ങളെ ബാധിക്കുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കേന്ദ്രസേനയെ വിന്യസിക്കാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ട്.

സംസ്ഥാന സർക്കാരിന് കർശനനിർദ്ദേശം നൽകാൻ കേന്ദ്രത്തിനാവും. പാലിച്ചില്ലെങ്കിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാവും.