വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ കൊവിഡിനോട് പൊരുതാൻ പ്രഖ്യാപിച്ച ബോർഡിൽ ഒരു ഇന്ത്യൻ വംശജനും. അമേരിക്കൻ ഇന്ത്യനായ ഡോ.അതുൽ ഗവാൻഡെയാണ് കൊറോണ വൈറസ് സംക്രമണത്തെ കുറിച്ച് ഉപദേശം നൽകുന്ന സമിതിയിൽ അംഗമായത്. സ്ഥാനലബ്‌ധിയിൽ വലിയ സന്തോഷമുണ്ടെന്ന് ഡോ.അതുൽ അറിയിച്ചു.
ബോസ്‌റ്റണിൽ ഡോക്‌ടറായി ജോലി നോക്കുന്ന ഡോ.അതുൽ കൊവിഡ് രോഗത്തെ നിയന്ത്രണ വിധേയമാക്കാമെന്നും രാജ്യത്തെ ജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കാനാകുമെന്നും ഉറച്ച് വിശ്വസിക്കുന്നു. മെഡിക്കൽ രംഗത്തെ കുറിച്ച് ലേഖനങ്ങളും പുസ്‌തകങ്ങളും രചിച്ചിട്ടുളളയാളമാണ് ഡോ.അതുൽ.
ബോസ്‌റ്റണിലെ ബ്രിഗാം വനിതകളുടെ ആശുപത്രിയിലെ സർജനാണ് ഡോ. അതുൽ ഗവാൺഡെ.ഹാർവാർഡ് മെഡിക്കൽ സ്‌കൂളിൽ പ്രൊഫസറുമാണ് അതുൽ.മുൻപ് ബിൽ ക്ളിന്റൺ പ്രസിഡന്റായിരുന്നപ്പോൾ അമേരിക്കൻ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉപദേശകനായിരുന്നു ഡോ.അതുൽ. സർജിക്കൽ മരണങ്ങൾ കുറക്കുന്നതിനുളള ലോകാരോഗ്യ സംഘടനയുടെ ക്യാമ്പെയിനിലും ഡോ.അതുൽ ഗവാൺഡെ ഭാഗമായിരുന്നു.
മഹാരാഷ്‌ട്ര സ്വദേശിയായ ആത്മാരാം ഗവാൻഡെയും ഗുജറാത്ത് സ്വദേശിനിയായ സുശീല ഗവാൻഡെയുമാണ് ഡോ.അതുലിന്റെ മാതാപിതാക്കൾ. ഡോക്‌ടർമാരായ ഇവർ ന്യൂയോർക്കിലേക്ക് വരികയും ഒഹിയോയിലെ ഏതൻസിൽ ഡോക്‌ടർമാരായി ജോലി നോക്കുകയും ചെയ്‌തു. ബ്രൂക്‌ലിനിൽ ജനിച്ച ഡോ.അതുൽ സ്‌റ്റാൻഫോർഡിൽ നിന്ന് ബയോളജിയും രാഷ്‌ട്രതന്ത്രവും പഠിച്ചു. 1989ഓടെ ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്നും തത്വശാസ്‌ത്രത്തിലും രാഷ്‌ട്രതന്ത്രത്തിലും എക്കണോമിക്‌സിലും ബിരുദാനന്തര ബിരുദങ്ങൾ നേടി.
ഡോ.അതുലിന്റെ പുസ്‌തകമായ 'എ സർജൻസ് നോട്സ് ഓൺ ഇംപെർഫക്‌ട് സയൻസ്' 2002 ൽ ദേശീയ ബുക്ക് അവാർഡിന് മത്സര പട്ടികയിലുണ്ടായിരുന്നു. മുൻ എഫ്ഡിഎ കമ്മീഷണർ ഡോ.ഡേലിഡ് കെസ്‌ലർ, മുൻ സർജൻ ജനറൽ ഡോ.വിവേക് മൂർത്തി, ഡോ. മേർസെല നൂനേസ് സ്‌മിത്ത് എന്നിവരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കൊവിഡ് രോഗ നിയന്ത്രണത്തിന് വേണ്ട ഉപദേശം നൽകുന്നതിന് രാജ്യത്തെ പ്രശസ്‌തരായ ഭിഷഗ്വരരുടെ ഒരു ബോർഡ് രൂപീകരിക്കുമെന്ന് ജോ ബിഡനും കമലാ ഹാരിസും മുൻപ് അറിയിച്ചിരുന്നു. ഈ ബോർഡ് അംഗങ്ങൾ വൈറസ് നിയന്ത്രണത്തിന് വിവിധ സംസ്ഥാനങ്ങളുമായും മറ്റ് പ്രാദേശിക ഭരണകൂടങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കും.