lll

തിരുവനന്തപുരം: അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവകലാശാല തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും പ്രതിഭാശാലികളായ മുപ്പത് ഭൗതിക ശാസ്‌ത്രജ്ഞരിൽ പ്രശസ്ത മലയാളി ശാസ്‌ത്രജ്ഞൻ താണുപത്മനാഭനും. പട്ടികയിൽ 24-ാം സ്ഥാനക്കാരനായ അദ്ദേഹത്തിനു പുറമെ ഇന്ത്യക്കാരനായുള്ളത് ബംഗാളിൽ നിന്നുള്ള അശോക് സെൻ (റാങ്ക് 13) മാത്രം. ന്യൂക്ലിയർ ആൻഡ് പാർട്ടിക്കിൾ ഫിസിക്സ് വിഭാഗത്തിലാണ് ഇരുവരും. അശോക് സെൻ പത്മഭൂഷൺ ജേതാവും താണുപത്മനാഭൻ പത്മശ്രീ ജേതാവുമാണ്.

പ്രപഞ്ചവിജ്ഞാനത്തിൽ അന്താരാഷ്‌ട പ്രശസ്തനായ താണു പത്മനാഭൻ (63)​ തിരുവനന്തപുരം കരമന സ്വദേശിയാണ്. കോസ്‌മോളജി,​ ക്വാണ്ടം ഫിസിക്സ്,​ ഗുരുത്വാകർഷണം എന്നിവയാണ് ഗവേഷണ മേഖലകൾ. ഇപ്പോൾ പൂനെയിലെ ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ അസ്‌ട്രോണമി ആൻഡ് അസ്‌ട്രോഫിസിക്സിലെ ഡിസ്‌റ്റിംഗ്വിഷ്ഡ് പ്രൊഫസർ.

കരമന പുളിമൂട്ടിൽ തെരുവിൽ പരേതരായ താണു അയ്യരുടേയും ലക്ഷ്മി അമ്മയുടെയും മകനാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് ബി.എസ്‌സി,​ എം.എസ്‌സി ഒന്നാംറാങ്കിൽ വിജയിച്ച താണു പത്മനാഭൻ മുംബയ് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിൽ നിന്ന് ക്വാണ്ടം കോസ്‌മോളജിയിൽ ഡോക്ടറേറ്റ് നേടി. പത്തു വർഷത്തോളം അവിടെ ഗവേഷകനായി.കേബ്രിഡ്‌ജിൽ ഒരു വർഷം പോസ്റ്റ് ഡോക്ടറൽ ഗവേഷണവും നടത്തി. വിവിധ വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറാണ്. ദ ഡാൺ ഓഫ് സയൻസ്,​ ആഫ്റ്റർ ദ ഫസ്റ്റ് ത്രീ മിനിറ്റ്സ് തുടങ്ങി നിരവധി ശാസ്‌ത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ശാസ്‌ത്രജ്ഞയും തമിഴ്നാട് സ്വദേശിയുമായ വാസന്തിയാണ് ഭാര്യ. ഏക മകൾ ഹംസ പത്മനാഭൻ സ്വിറ്റ്സർലൻഡിലെ സൂറിച്ച് സ‌ർവകലാശാലയിൽ അസ്‌ട്രോഫിസിക്സിൽ ഗവേഷകയാണ്. അമേരിക്കയിലെ ഇന്റൽ കോർപ്പറേഷൻ മുമ്പ് സ്കൂൾകുട്ടികൾക്കു വേണ്ടി നടത്തിയ മത്സരത്തിൽ ജയിച്ചതിന്റെ അംഗീകാരമായി വ്യാഴം,​ ചൊവ്വ ഗ്രഹങ്ങൾക്കിടയിലുള്ള ഒരു ഛിന്ന ഗ്രഹത്തിന് ഹംസയുടെ പേര് നൽകിയിട്ടുണ്ട്.

വിവിധ ശാസ്‌ത്ര മേഖലകളിലെ 30 ലോകോത്തര ശാസ്‌ത്രജ്ഞരുടെ സ്റ്റാൻഫോർഡ് ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് ആകെ 16 പേരാണുള്ളത്. അതിൽ ഇനോർഗാനിക് ആൻഡ് ന്യൂക്ലിയർ കെമിസ്ട്രിയിലാണ് ഇന്ത്യൻ ശാസ്‌ത്രജ്ഞർ ഏറ്റവും മുന്നിലെത്തിയത്- ഗൗതം ആർ. ദേശിരാജു (രണ്ടാം റാങ്ക് )​,​ സി.എൻ.ആ‍ർ റാവു (മൂന്നാം റാങ്ക്)​. ബയോടെക്നോളജിയിലും രണ്ട് പേരുണ്ട്- അശോക് പാണ്ടെയും (എട്ട്) എസ്. വെങ്കടമോഹനും (29). അശോക് പാണ്ടെ തിരുവല്ല മാർ അത്തനേഷ്യസ് കോളേജിലെ വിസിറ്റിംഗ് പ്രൊഫസറാണ്.

ലോകത്തെ ഏറ്റവും മികച്ച രണ്ടു ശതമാനം ശാസ്‌ത്രജ്ഞരുടെ പട്ടികയാണ് സ്റ്റാൻഫോർഡ് പ്രസിദ്ധീകരിച്ചത്. പട്ടികയിലെ ആകെ 1,​59,​683 പേരിൽ 1492 പേർ ഇന്ത്യക്കാരാണ്.