ന്യൂഡൽഹി: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ബി ജെ പിക്ക് മേൽക്കൈ. ഉത്തർപ്രദേശിൽ ഒടുവിലത്തെ വിവരം അനുസരിച്ച് തിരഞ്ഞെടുപ്പ് നടന്ന ഏഴ് സീറ്റുകളിൽ അഞ്ചിലും ബി ജെ പി ലീഡ് ചെയ്യുകയാണ്. മറ്റ് രണ്ട് സീറ്റുകളിൽ ബി എസ് പി സ്ഥാനാർത്ഥിയും സ്വതന്ത്രനുമാണ് ലീഡ് ചെയ്യുന്നത്.
എട്ടിടത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിൽ ഏഴ് സീറ്റുകളിലും ബി ജെ പിയാണ് മുന്നിൽ. ഒരിടത്ത് മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം വാൽമികി നഗർ ലോക്‌സഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പും നടന്നിരുന്നു. ജെ ഡി യുവാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
അതിനിർണായകമായ മദ്ധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ബി ജെ പി 18 സീറ്റുകളിൽ മുന്നിലാണ്. ഇതോടെ ബി ജെ പി ഭരണം സംസ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. തെലങ്കാനയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദുബാക്ക് മണ്ഡലത്തിലും ഒഡീഷയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബൽസോരിലും തൃത്തലിലും ബി ജെ പി മുന്നോട്ട് നിൽക്കുകയാണ്. നാഗാലാൻഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളിലും സ്വതന്ത്ര സ്ഥാനാർത്ഥികൾ ബഹുദൂരം മുന്നിലാണ്.
മണിപ്പൂരിൽ കോൺഗ്രസും ബി ജെ പിയും ഓരോ സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. ജാർഖണ്ഡിലും കർണാടകയിലും രണ്ട് സീറ്റുകളിൽ ബി ജെ പി മുന്നിട്ട് നിൽക്കുന്നു. ഹരിയാനയിൽ ബി ജെ പി സ്ഥാനാർത്ഥി യോഗേശ്വർ യാദവ് രണ്ടായിരം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.