കൊച്ചി: തുടർച്ചയായി ഉയർന്നശേഷം സംസ്ഥാനത്ത് സ്വർണവില കൂപ്പുകുത്തി. പവന് ഇന്നുമാത്രം 1200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ പവന് വില 37,680രൂപയായി. ഗ്രാമിന് 4710 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞദിവസം ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 100 ഡോളറോളം താഴ്ന്ന് 1,849.93 ഡോളറിലെത്തിയിരുന്നു. ഇതാണ് സംസ്ഥാനത്തും സ്വർണ വില കുറയാൻ കാരണം. അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയതോടെയാണ് ആഗോളതലത്തിൽ സ്വർണവില ഇടിയാൻ ഇടയാക്കിയതെന്നാണ് റിപ്പോർട്ട്. ബൈഡൻ അധികാരത്തിൽ വരുന്നതോടെ സമ്പദ്ഘടന സ്ഥിരതയാർജിക്കുമെന്ന പ്രതീക്ഷയും കൊവിഡ് പ്രതിരോധ വാക്‌സിനുമായി ബന്ധപ്പെട്ട അനുകൂല റിപ്പോർട്ടുകളുമാണ് നിക്ഷേപകരെ അകറ്റിയത്. എന്നാൽ ഇന്ന് സ്പോട്ട് ഗോൾഡിന്റെ വിലയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ട്.
സംസ്ഥാനത്ത് ഈ മാസം തുടക്കത്തിൽ തുടർച്ചയായി സ്വർണത്തിന് വിലകൂടുന്ന പ്രവണതയായിരുന്നു കണ്ടിരുന്നത്. പവന്റെ വിലയിൽ ഒരാഴ്ചയ്ക്കിടെ 1,200 രൂപയാണ് വർദ്ധിച്ചത്. തിങ്കളാഴ്ച 38,880 രൂപയിലെത്തുകയും ചെയ്തിരുന്നു.