rahul-gandhi

ന്യൂഡൽഹി: ബീഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന്റെ അക്കൗണ്ടിൽ നഷ്‌ടങ്ങളുടെ കണക്കുകൾ മാത്രം. സംസ്ഥാനമൊട്ടാകെ ഇളക്കി മറിച്ച് നടത്തിയ രാഹുൽഗാന്ധിയുടെ തിരഞ്ഞെടുപ്പ് റാലികൾ ആൾക്കൂട്ടം സൃഷ്‌ടിച്ചുവെന്നല്ലാതെ വോട്ടായി മാറിയില്ല. മഹാസഖ്യത്തിൽ എഴുപത് സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആകെ 21 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണത്തെക്കാൾ വോട്ട് ശതമാനം വർദ്ധിപ്പിച്ചുവെന്നത് മാത്രമാണ് കോൺഗ്രസിന് എടുത്തു പറയാൻ കഴിയുന്ന ഒരു കാര്യം.

കോൺഗ്രസിന് ഇത്രയധികം സീറ്റുകൾ മനസില്ലാ മനസോടെയാണ് ആർ ജെ ഡി നൽകിയത്. കൂടുതൽ സീറ്റുകളിൽ ആർ ജെ ഡി മത്സരിച്ചാൽ മഹാസഖ്യത്തിന് നേട്ടമുണ്ടാക്കാനാകുമെന്ന് ലാലു പ്രസാദ് യാദവ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഓർമ്മിപ്പിച്ചിരുന്നു. സോഷ്യലിസ്റ്റ് രാഷ്ട്രീയമാണ് കോൺഗ്രസിനെ ബീഹാറിൽ നിന്ന് തുടച്ചുനീക്കിയത്. അതേ സോഷ്യലിസ്റ്റുകൾക്കൊപ്പം നിന്നിട്ടും കാര്യമായ ചലനമൊന്നും ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഇനി തോൽവിയുടെ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും കോൺഗ്രസ് നേതൃത്വം ഇതിനെ എങ്ങനെ വിശദീകരിക്കുമെന്നുമാണ് കണ്ടറിയേണ്ടത്.

ഇത്രയധികം സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കുന്നതിൽ പലരും വിമർശനം ഉന്നയിച്ചപ്പോഴും കോൺഗ്രസിനെ കൂടെ നിർത്തി തന്നെ മുന്നോട്ട് പോകണമെന്ന നിലപാടിൽ ഉറച്ച് നിന്ന തേജസ്വി യാദവ് ആണ് കോൺഗ്രസിന് 70 സീറ്റ് നൽകിയത്. പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാത്തതിനാൽ തന്നെ ഫല പ്രഖ്യാപനത്തിന് ശേഷവും ഇക്കാര്യത്തിൽ വിവാദം തുടരാനിടയുണ്ട്.

രൺദീപ് സിംഗ് സുർജേവാലയും അവിനാഷ് പാണ്ഡെയും അടക്കമുളള നേതാക്കൾ കഴിഞ്ഞ ദിവസം തന്നെ പട്‌നയിൽ എത്തിയിരുന്നു. എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ നേതാക്കളെ ചാക്കിട്ട് പിടിത്തം തടയാൻ അടക്കം ലക്ഷ്യമിട്ടാണ് പ്രധാന നേതാക്കൾ ബിഹാറിൽ എത്തിയത്. മാത്രമല്ല സഖ്യചർച്ചകൾക്ക് തുടക്കം കുറിക്കുക എന്നുളള ലക്ഷ്യവും കോൺഗ്രസ് നേതാക്കൾക്കുണ്ടായിരുന്നു. എന്നാൽ നേതൃത്വം പ്രതീക്ഷിച്ചതിനപ്പുറത്തേക്കായിരുന്നു തിരഞ്ഞെടുപ്പ് ഫലം.

ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന വിവിധ സംസ്ഥാനങ്ങളിലും ബി ജെ പി മികച്ച മുന്നേറ്റമാണ് കാഴ്‌ചവയ്‌ക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് വർഷത്തിലേക്ക് അടുക്കുമ്പോഴും പാർട്ടി നേരിടുന്ന തുടർച്ചയായ തോൽവികളും സ്ഥിരമായൊരു അദ്ധ്യക്ഷനില്ലാത്തതും കോൺഗ്രസിനകത്ത് തന്നെ പൊട്ടിത്തെറിയുണ്ടാക്കാനുളള സാഹചര്യമാണ് ബീഹാർ തിരഞ്ഞെടുപ്പ് ഫലം സൃഷ്‌ടിക്കുന്നത്.