ആയുർവേദ ചികിത്സയിലെ ഒഴിച്ചുകൂടാനാവാത്ത ധാരപാത്തിയുടെയും ആവിപ്പെട്ടിയുടെയും നിർമ്മാണത്തിൽ കാൽനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മോഹൻദാസിനെ പരിചയപ്പെടാം...
പാലക്കാട് കടമ്പഴിപ്പുറം ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് പാലത്തറ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് മോഹൻദാസിന്റെ പണിശാല. അവിടേക്ക് എത്തിയാൽ മരപ്പണികൾക്കൊപ്പം പതിവായി കാണുന്ന മറ്റൊരു കാഴ്ചയുണ്ട്. കേരളത്തിലെ ആയുർവേദ ആശുപത്രികളിലേക്ക് വേണ്ട ധാരപാത്തിയും സ്റ്റീംബാത്ത് പെട്ടികളും നിറഞ്ഞിരിക്കുകയാണ് ആ പണിശാലയിൽ. കഴിഞ്ഞ 25 വർഷമായി ആയുർവേദ ആശുപത്രികളിലേക്കും മറ്റും ഇവയുണ്ടാക്കി നൽകുന്നതിൽ പരിചയസമ്പന്നനാണ് പൂവത്തിങ്കൽ മോഹൻദാസ്. ആയുർവേദ ചികിത്സകളുടെയും സുഖചികിത്സയുടെയും ഭാഗമായും ഉഴിച്ചിൽ, പിഴിച്ചിൽ, ധാര എന്നിവക്ക് ഔഷധ ഗുണമുള്ള മരത്തടിയിൽ തീർക്കുന്ന ഈ ഉത്പന്നങ്ങൾക്ക് ഇപ്പോൾ ആവശ്യക്കാരും ഏറെയാണ്. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലേക്കുമായും നിരവധി ധാരപാത്തികളും ആവിപ്പെട്ടിയും ഇദ്ദേഹം നിർമിച്ചു നൽകിയിട്ടുണ്ട്.
പാരമ്പര്യത്തിന്റെ വഴിയേ
അച്ഛൻ ആണ്ടിയിൽ നിന്നും പാരമ്പര്യമായി കിട്ടിയതാണ് മോഹൻദാസിന് ഈ തൊഴിൽ. 1995 ൽ അലനല്ലൂരിലുള്ള തുളസി പഞ്ചകർമ്മ ചികിത്സാലയത്തിലേക്ക് ധാരപ്പാത്തി നിർമ്മിച്ചു കൊണ്ടായിരുന്നു ഈ രംഗത്ത് തുടക്കം കുറിച്ചത്. അലനല്ലൂരിലെ ആയുർവേദ ആചാര്യനും കോട്ടക്കൽ മാനസികാരോഗ്യ കേന്ദ്രത്തിലെ റിട്ട. സീനിയർ സ്പെഷ്യലിസ്റ്റുമായിരുന്ന ഇ.കെ വിദ്യാനന്ദനിൽ നിന്നാണ് ഇതിനെ കുറിച്ച് കൂടുതൽ പഠിച്ചതെന്നും അദ്ദേഹം പറയുന്നു. പ്രശസ്തമായ പല ആയുർവേദ ആശുപത്രികൾക്കും പുറമേ സുഖചികിത്സയ്ക്ക് വേണ്ടിയും വ്യക്തിഗതാവശ്യങ്ങൾക്കുമായും നിരവധി ധാരപാത്തികൾ നിർമിച്ചു നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കരിങ്കല്ലത്താണിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പ്രമുഖ ഹിന്ദി സിനിമാനടന്റെ പിതാവിന്റെ ചികിത്സക്ക് വേണ്ടി നിർമ്മിച്ച ധാരപാത്തി അടക്കം പല പ്രമുഖർക്കും വേണ്ടിയും ഷാർജയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും വേണ്ട ധാരപാത്തികൾ ഇവിടെ നിന്നും നിർമിച്ചു നൽകിയിട്ടുണ്ട്. കോയമ്പത്തൂരിലെ പ്രശസ്തമായ സ്വകാര്യ ആയുർവേദ ആശുപത്രിയിലേക്ക് അടുത്തിടെ നൽകിയ അഞ്ചെണ്ണം ഉൾപ്പെടെ നൂറിലധികം ധാരപാത്തികൾ ഇവിടെ നിന്നും നൽകിയവയാണ്. ഇന്നിപ്പോൾ പല തിരുമ്മൽകേന്ദ്രങ്ങളിലും ജിമ്മുകളും സ്വകാര്യ റിസോർട്ടുകളുമൊക്കെ മോഹൻദാസിന്റെ സ്റ്റീം ബാത്ത് പെട്ടികളുടെ ഉപഭോക്താക്കളാണ്. മനുഷ്യ ശരീരത്തിന്റെ ത്രിദോഷങ്ങളെയും സപ്ത ധാതുക്കളെയും ശരിയായ ക്രമത്തിൽ ഏകോപിപ്പിക്കുന്നതിനും ശരീരത്തിന് ദൃഢതയും ജരാഗ്നിക്ക് വർദ്ധനവും ശരീരത്തിന് നിറവും ഓജസും നൽകുന്നതിനാവശ്യമായ സേവനദ്രവ്യങ്ങൾകൊണ്ട് ശരീരത്തിലെ എല്ലാ അംഗഭംഗങ്ങളിലും ധാരയോടൊപ്പം ചെയ്യുന്ന ഉഴിച്ചിലിനും പിഴിച്ചിലിനും അവശ്യമായി ഉപയോഗിച്ചു വരുന്ന ധാരപ്പാത്തി ഒഴിച്ചു കൂടാനാകാത്തതാണെന്ന് ആയുർവേദത്തിൽ പറയുന്നുണ്ട്.
പുത്തനുണർവ്
പകരുന്ന പാത്തികൾ
അതിശ്രേഷ്ഠമായ മരങ്ങൾ കൊണ്ടാണ് പാത്തി നിർമ്മിക്കേണ്ടത്. നിർമ്മാണത്തിനും ചിട്ടവട്ടങ്ങളുണ്ട്. ചന്ദനം, അത്തി, ഇത്തി, നീർമാതളം, പേരാൽ, ദേവതാരം, അശോകം, വേങ്ങ, ചെമ്പകം, കൂവളം, വേപ്പ്, കരിങ്ങാലി, പാതിരി, മുഞ്ഞ, നീർമരുത്, കോലിമരം, പ്ലാവ് എന്നിവയാണ് ഇതിനായി ഉപയോഗിച്ചു വരുന്ന മരങ്ങൾ. ശരീരത്തിലെ വാത, പിത്ത, കഫ ദോഷങ്ങളെ ആഗിരണം ചെയ്യാൻ ഈ മരങ്ങൾക്ക് കഴിവുണ്ട്. വണ്ണം കൂടുതലുള്ള മരങ്ങളാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ഇത്തരം മരത്തടികൾ വാങ്ങി ഉരുപ്പടികളാക്കി കൊണ്ടു വന്നു സീസൺ ചെയ്ത് നിർമ്മിക്കുന്ന ധാരപാത്തികൾ വർഷങ്ങളോളം സുഖ ചികിത്സക്ക് ഉപയോഗിക്കാനാകും. വേപ്പിൻ തടിയിൽ നിർമ്മിക്കുന്നവയ്ക്ക് മറ്റുള്ളവയിൽ നിന്നും ചെലവും ഗുണവും കൂടുതലാണ് എന്നും മോഹൻദാസ് പറയുന്നു. ഒരു പാത്തി നിർമ്മാണത്തിന് ഒരാഴ്ചയിലധികം സമയം ആവശ്യമാണ്. ധാരപാത്തികളിൽ കിടത്തിയുള്ള ഉഴിച്ചിൽ ചികിത്സക്ക് ശേഷം ശരീരം ആവിയിൽ കുളിപ്പിക്കുന്ന സ്റ്റീംബാത്ത് പെട്ടിക്കും മോഹൻദാസിന്റെ പണിശാലയിൽ ആവശ്യക്കാരേറെയാണ്. വിശേഷപ്പെട്ട മരങ്ങളുടെ വിലയും വണ്ണം കൂടിയ മരത്തിന്റെ ലഭ്യതക്കുറവുമൊക്കെ നിർമ്മാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പാരമ്പര്യ തൊഴിൽ കൈവിടാതെ നില നിർത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ പത്തു വർഷമായി ഇവയുടെയെല്ലാം നിർമ്മാണത്തിൽ മോഹൻദാസിന്റെ സഹായികളായി മുന്നിൽ നിൽക്കുന്നവരാണ് നാരായണനും പ്രവീണും. ഭാര്യ ഷീബയും മനീഷ, മേഘ്ന, മിഥുൻ എന്നിവർ മക്കളുമാണ്. കൊവിഡ് വന്നതോടെ തങ്ങളും പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറയുന്നു.