നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നവർ ആരാണ്? പൊലീസുകാരും ഡോക്ടർമാരുമാണെന്ന് എനിക്ക് തോന്നുന്നു. എന്നാൽ ഏറ്റവും കൂടുതൽ പഴി കേൾക്കുന്നതും ഈ വിഭാഗങ്ങളാണെന്നു പറയാം. അവർക്ക് ഏതെങ്കിലും ചെറിയ കൈപ്പിഴ സംഭവിച്ചാൽ സമൂഹം ഒന്നായി അവർക്ക് നേരെ തിരിയും. പേരും പെരുമയുമുള്ള ഡോക്ടർമാരെ സമൂഹം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യും. അവരെ എല്ലാവർക്കുമറിയാം. അവരുടെ സേവനങ്ങൾ ലഭിക്കുവാൻ ജനം എത്ര സമയം വേണമെങ്കിലും കാത്തിരിക്കും.എന്നാൽ ഗ്രാമങ്ങളിലും നാട്ടിൻപുറങ്ങളിലും നിശബ്ദമായി ജോലി ചെയ്യുന്ന നാട്ടിലെ സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന ഡോക്ടർമാരെക്കുറിച്ച് നാം കൂടുതൽ ആലോചിക്കാറില്ല. എല്ലായിടത്തും നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം കൂടുതൽ സമയം ജോലി ചെയ്യുകയും രോഗത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും രോഗികളെ സാന്ത്വനിപ്പിക്കുകയും അവർക്കു വേണ്ടതെല്ലാം പറഞ്ഞു കൊടുക്കുകയും ചെയ്യുന്ന നിരവധി ഭിഷഗ്വരന്മാരെ എവിടെയും കാണാം. അവരുടെ മരുന്ന് മാത്രമല്ല അവരുടെ വാക്കും നോക്കുമെല്ലാം രോഗികൾക്ക് ആശ്വാസമാണ്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ വലിയ ഡോക്ടർമാരെ പറ്റിയല്ല ഇവിടെ പറയുന്നത്. ഗ്രാമഗ്രാമാന്തരങ്ങളിൽ സമയമോ കാലമോ നോക്കാതെ രോഗികളെ നോക്കുന്ന ഡോക്ടർമാരെപ്പറ്റിയാണ്. അവരിൽ പലരും ഒരു ദിവസം പതിനെട്ട് മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ട്. ജീവിതം ആസ്വദിക്കുവാനുംആഘോഷിക്കുവാനും മറന്നു പോകുന്നവരാണ് അവരിൽ കുറെപ്പേർ. ഓണവും വിഷുവും ക്രിസ്മസും പെരുന്നാളുമൊന്നും അവർ അറിയുന്നില്ല. രാവും പകലും ഭേദമില്ലാതെ പണി ചെയ്യുന്ന വിഭാഗമാണ് അവർ. അവരിൽ ഒരാൾ പെട്ടെന്ന് ക്വാറന്റൈനിൽ അകപ്പെടുകയും പതിനാല് ദിവസത്തെ വനവാസത്തിന് ശിക്ഷിക്കപ്പെടുകയും ചെയ്താൽ ഉണ്ടാകുന്ന മനോവേദനകളും അനുഭവപ്പെടുന്ന ഭീകരമായ ശൂന്യതയുമാണ് ഡോ.എം.ബി. ഷിയ എഴുതിയ 'വനവാസം ചില ക്വാറന്റൈൻ വിഹ്വലതകൾ" എന്നപുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.
കൊല്ലം ജില്ലയിലെ പ്രശസ്തമായ മയ്യനാട് എന്ന ഗ്രാമത്തിൽ നാലുപതിറ്റാണ്ടുകാലമായി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടറാണ് ഷിയ. അദ്ദേഹം ചികിത്സിച്ച ഒരു രോഗിക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടപ്പോൾ അദ്ദേഹവും അദ്ദേഹത്തിന്റെ ആശുപത്രിയിലെ ജീവനക്കാരും ക്വാറന്റൈനിലായി. ഡോക്ടർ എല്ലാവർക്കും പ്രിയപ്പെട്ടവനാണ്, ജനകീയൻ. പണക്കാരനെയും പാവപ്പെട്ടവനെയും ഭേദമില്ലാതെ ചികിത്സിക്കുന്നയാളാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകൾ കടമെടുത്ത് നല്ല നർമ്മബോധത്തോടെ തന്നെ 'സ്ഥലത്തെ പ്രധാന ദിവ്യൻ" എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ കണ്ടാൽ തന്നെ പകുതി രോഗം ഭേദമാകുമെന്ന് ധാരാളം അനുഭവസ്ഥർ പറഞ്ഞിട്ടുണ്ട്. താൻ എം.ബി.ബി.എസിന് പഠിച്ചതും പിന്നീട് ചികിത്സ ആരംഭിച്ചതും നാലു തലമുറകളെ ചികത്സിച്ചതുമെല്ലാം അദ്ദേഹം ഓർക്കുകയാണ് ഗ്രന്ഥത്തിൽ. കാര്യങ്ങളെ നിസ്സംഗതയോടെയും നല്ല നർമ്മബോധത്തോടെയും പറഞ്ഞിരിക്കുന്നു. അവകാശവാദങ്ങളോ ആത്മപ്രശംസയോ ഒട്ടുമില്ലാതെ ചികിത്സാനുഭവങ്ങൾ വിവരിക്കുകയാണ്.എങ്ങനെ നല്ലൊരു ഡോക്ടറാകാം എന്ന് പുസ്തകം പറഞ്ഞു തരും. ഡോക്ടറുടെ ഫോൺ: 98950 31704
വനവാസം, ചില ക്വാറന്റൈൻ വിഹ്വലതകൾ
(ഓർമ്മകൾ)
പ്രസാധകർ: സുജിലി പബ്ളിക്കേഷൻസ്, ₹100