യജമാനന്മാരുടെ ആജ്ഞകൾ അനുസരിക്കുകയും അവരെ പല അത്യാഹിതങ്ങളിൽ നിന്നു പോലും രക്ഷിക്കുകയും ചെയ്യുന്ന പട്ടികളുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. പ്രത്യേക രീതിയിൽ പരിശീലനം കൊടുത്ത ചിലതിനെ പൊലീസ് കുറ്റാന്വേഷണ വിഭാഗം ഉപയോഗിച്ച് വരുന്നതും അറിയാമല്ലോ. നായ്ക്കളോടൊപ്പം സൗഹൃദം പങ്കിടുന്നവരെയും ഒന്നിച്ചു ഭക്ഷണം കഴിക്കുന്നവ രെയും പലതവണ ഈ നാട്ടിലെ പലഭാഗങ്ങളിൽ നിന്നും ഞാൻ പകർത്തിയിട്ടുണ്ട്. വഴിയോരങ്ങളിൽ കാണുന്ന പല പട്ടികളും സ്വന്തം യജമാനൻ എന്ന നിലയിൽ കുറേ മനുഷ്യരെ പിന്തുടരുന്ന കാഴ്ച പകർത്തയിട്ടുണ്ട്. സ്വബോധമോ പരിസരത്തെക്കുറിച്ചുള്ള തിരിച്ചറിവോ ഇല്ലാത്തവരാണെങ്കിൽ കൂടിയും അടുത്ത ബന്ധുവോ ചങ്ങാതിയോ എന്നുകരുതി ഇവർ തങ്ങൾക്കു കിട്ടുന്നതിന്റെ ഒരു വിഹിതം ഇവയ്ക്കും കൊടുത്തു കൂടെക്കൊണ്ടുനടക്കുകയും ചെയ്യുന്നു. അന്നൊരിക്കൽ ഉണ്ടായ ഒരനിഷ്ടസംഭവംകൂടി പറയട്ടെ. ഏതോ ഭാഷ സംസാരിക്കുന്ന ഒരു വ്യക്തി ഇതുപോലെ ഒരു പട്ടിയുമായി ഇതുവഴി കറങ്ങുന്നതു ഞാൻ പലപ്പോഴും കണ്ടിരുന്നു. മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു. അയാളെക്കുറിച്ചറിയാത്ത ഒരു വഴിപോക്കൻ, ഇങ്ങനെ ഒരു പട്ടിയുമായി ആളുകൾ നടക്കുന്ന റോഡിലൂടെ വന്നതിന് അയാളുടെ നേരെ നോക്കി ശകാരിച്ചു. അവ്യക്തമായി മനസിലാകാത്ത ഭാഷയിൽ എന്തോ പിറുപിറുത്തുകൊണ്ട് നടക്കുന്ന ആ കക്ഷി അല്പം ഉച്ചത്തിൽ ഒരു ശബ്ദമുണ്ടാക്കിയതും കൂടെനടന്ന പട്ടി ഓടിവന്നു ഈ വഴിപോക്കനെ കടിച്ചു കുടഞ്ഞു. കണ്ടുനിന്നവർ ഓടിക്കൂടി പട്ടിയെ അടിച്ചോടിച്ച് ഒരുവിധത്തിൽ അയാളെ ആശുപത്രിയിലാക്കി. നാട്ടുകാർ ഉപദ്രവിക്കാൻ ശ്രമിച്ചങ്കിലും ബുദ്ധി സ്ഥിരതയില്ലാത്ത ആളെ ഒന്നും ചെയ്യരുതെന്നു മുതിർന്നവരിൽ ആരോ വിലക്കി. ഒരു ഉച്ചസമയത്തു സിറ്റിയിലൂടെ നടക്കുമ്പോൾ കിട്ടിയ ഒരു സംയുക്ത ഉറക്കത്തിന്റെ സീനാണ് ഇത്തവണ നൽകുന്നത്.