പട്ന: ബീഹാർ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി അഞ്ച് മണിക്കൂർ പിന്നീടുമ്പോൾ സംസ്ഥാനത്ത് ഏറ്റവും വലിയ പാർട്ടിയായി മുന്നിട്ട് നിൽക്കുന്നത് എൻ.ഡി.എയിലെ ബിജെപിയാണ്. 72 സീറ്റുകളിലാണ് പാർട്ടി മുന്നിൽ. സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ആർ.ജെ.ഡി 65 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് കേവലം 20 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. എൻ.ഡി.എ സഖ്യത്തിന് 130 സീറ്രുകളിൽ ലീഡുളളപ്പോൾ തേജസ്വി യാദവിനെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പ് നേരിട്ട മഹാ ഗട്ബന്ധൻ സഖ്യത്തിന് 104 ഇടത്താണ് മുന്നേറാനായത്. വിവിധയിടങ്ങളിൽ പാർട്ടികൾ തമ്മിൽ നേരിയ വ്യത്യാസത്തിലാണ് ലീഡ് നിലനിൽക്കുന്നത്.
ഈ തിരഞ്ഞെടപ്പിൽ എന്നാൽ ഇവരെക്കാളെല്ലാം ശ്രദ്ധേയമായ പ്രകടനം കാഴ്‌ച വയ്‌ക്കാൻ ഇടത് പാർട്ടികൾക്കായി എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. ആകെ 29 സീറ്റുകളിലാണ് മഹാ ഗട്ബന്ധന്റെ ഭാഗമായി ഇടത് പാർട്ടികൾ മത്സരിച്ചത്. സി.പി.ഐ എം.എൽ(എൽ) 19 സീറ്റുകൾ,സി.പി.ഐ 6, സി.പി.എം 4 എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം. ഇതിൽ 13 ഇടത്താണ് സി.പി.ഐ.എം.എൽ(എൽ) ലീഡ് ചെയ്യുന്നത്. സി.പി.ഐ മൂന്നിടത്തും സി.പി.എം നാലിൽ മൂന്ന് സീറ്റിലും മുന്നിട്ട് നിൽക്കുകയാണ്.
സീറ്റ് വിഭജനത്തിലൂടെ ലഭിച്ചതിൽ 30 ശതമാനം പോലും മുന്നേറാനാകാതെ കോൺഗ്രസ് കിതയ്‌ക്കുമ്പോൾ ഇടത് പാർട്ടികൾ ആകെ മത്സരിക്കുന്നയിടങ്ങളിൽ 65 ശതമാനം ഇടങ്ങളിലും (29ൽ 19 സീറ്റുകൾ) മുന്നിട്ട് നിൽക്കുന്നു എന്നത് രാജ്യത്തെ ഇടത് പാർട്ടികൾക്ക് നൽകുന്ന പ്രതീക്ഷ വലുതാണ്.
സീറ്റ് വിഭജന സമയത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കിയത് സി.പി.ഐ .എം.എൽ(എൽ) ആണ്. മൂന്ന് എം.എൽ.എമാർ നിലവിൽ അവർക്ക് ബീഹാർ നിയമസഭയിലുണ്ട്. പട്നയിലെ ഗ്രാമീണ മേഖലകൾ,സിവാൻ,അർവാൾ,ജഹനാബാദ്, കതിഹാർ എന്നിവിടങ്ങളിൽ പാർട്ടിക്ക് ശക്തമായ സ്വാധീനവുമുണ്ട്. അതിനാൽ തന്നെ കൂടുതൽ സീറ്റുകൾ ദീപാങ്കർ ഭട്ടാചാര്യ നയിക്കുന്ന പാർട്ടി അവിടെ നേടിയെടുത്തു. 2000ൽ നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി 6 സീറ്റുകൾ നേടി.2005ൽ അഞ്ച് സീറ്റുകൾ നേടി. എന്നാൽ 2010ലെ എൻ.ഡി.എ തരംഗത്തിൽ അവർക്ക് ഒരു സീറ്റ് പോലും നേടാനായില്ല. എന്നാൽ 2015ൽ നില മെച്ചപ്പെടുത്തി. സി.പി.ഐയ്‌ക്ക് ബെഗുസരായ്,മധുബനി,ഖഗാരിയ മുതലായി ജില്ലകളിൽ സ്വാധീനമുണ്ട്. സി.പി.എമ്മിനും വിവിധയിടങ്ങളിൽ സ്വാധിനമുണ്ട്.