bihar-election

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും അധികാര കസേരകൾ താങ്ങി നിർത്തുന്നത് പലപ്പോഴും ആടിയാടി നിൽക്കുന്ന ചെറു കക്ഷികളാണ്. മുന്നണി രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാനാവാത്ത ഇത്തരം രാഷ്ട്രീയ കക്ഷികൾ പലപ്പോഴും വലിയ പാർട്ടികൾക്ക് തലവേദനയായി മാറാറുമുണ്ട്. വടക്കേ ഇന്ത്യയിൽ ജാതി രാഷ്ട്രീയത്തിന്റെ തണലിൽ തഴച്ചുവളർന്ന ചെറുകക്ഷികൾ എപ്പോഴും അധികാരത്തിന്റെ ചൂടേറ്റാണ് വളർന്നത്.

അതേസമയം ഇത്തവണത്തെ ബീഹാർ തിരഞ്ഞെടുപ്പ് ഫലം ചെറു പാർട്ടികളെ നിരാശയുടെ പടുകുഴിയിലേക്കാണ് തളളിയിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ ചെറു പാർട്ടികളെ ബീഹാറിലെ വോട്ടർമാർ നിരസിച്ചത് വ്യക്തമാണ്. അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എം മായാവതിയുടെ ബി എസ് പി എന്നിവ മാത്രമാണ് ലീഡർ ബോർഡിൽ ദൃശ്യമായ രണ്ടേ രണ്ട് ചെറിയ പാർട്ടികൾ.

രാഷ്ട്രീയ ലോക് സമത പാർട്ടി, ജൻ‌വാടി സോഷ്യലിസ്റ്റ് പാർട്ടി തുടങ്ങി മഹാസഖ്യത്തിന്റെ ഭാഗമായ പാർട്ടികളൊന്നും ചിത്രത്തിൽ പോലും ഇല്ലാത്ത സ്ഥിതിയായി. മൊത്തം പോൾ ചെയ്‌തതിന്റെ 1.83 ശതമാനം വോട്ടുകൾ മാത്രമാണ് ബി എസ് പിക്ക് ആകെ നേടാനായത്. എ ഐ എം ഐ എം 0.71% വോട്ടാണ് നേടിയത്.

മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആർ എൽ എസ് പിയും മറ്റൊരു ചെറുകക്ഷിയായ ജെ പി എസും അതിദയനീയമായി പല മണ്ഡലങ്ങളിലും തോറ്റു. ജൻ അധികർ പാർട്ടി, ആസാദ് സമാജ് പാർട്ടി, ബാഹുജൻ മുക്തി പാർട്ടി, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ എന്നിവരടങ്ങുന്ന പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയൻസിന്റെ കണക്കുകൂട്ടലുകളും തെറ്റി.

ചെറിയ പാർട്ടികൾ ഇനി സംസ്ഥാനത്ത് നിലനിൽക്കണമോയെന്ന് ഈ വോട്ടെടുപ്പ് തീരുമാനിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. കേന്ദ്രത്തിൽ ചെറുപാർട്ടികളെ വിരട്ടിയോട്ടിച്ച ബി ജെ പിയുടെ നയം ബീഹാറിലും തുടരുമോയെന്ന് ഇനി കണ്ടറിയണം.