കൊച്ചി: കൊല്ലം ആയൂർ ഇളമാട് സ്വദേശി ദിവാകരൻ നായരെ (64) വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കുടുംബം. യഥാർത്ഥ പ്രതികളെ പൊലീസ് ഇതുവരെ പിടികൂടിയില്ലെന്ന് ദിവാകരൻ നായരുടെ കുടുംബം ആരോപിച്ചു.
വസ്തു തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഹണിട്രാപ് മാതൃകയിൽ ദിവാകരൻ നായരെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായരുന്നുവെന്നാണ് പൊലീസിന്റെ കണ്ടത്തൽ. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.
കേസിൽ ദിവാകരൻ നായരുടെ ബന്ധുവായ പൊൻകുന്നം കായപ്പാക്കൻ വീട്ടിൽ അനിൽകുമാർ (45), ഇയാളുടെ സുഹൃത്തും തടിക്കച്ചവടത്തിലെ പങ്കാളിയുമായ കോട്ടയം ചിറക്കടവ് പച്ചിമല പന്നമറ്റം കരയിൽ ചരളയിൽ വീട്ടിൽ സി.എസ്.രാജേഷ് (37), കോട്ടയം ആലിക്കൽ അകലക്കുന്നം കിഴക്കടം കണ്ണമല വീട്ടിൽ സഞ്ജയ് (23), രാജേഷിന്റെ സുഹൃത്ത് കൊല്ലം കുമിൾ കുഴിപ്പാറ തൃക്കണാപുരം ഷാനിഫ (55) എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.
അനിൽകുമാർ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണു ദിവാകരൻ നായരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷാനിഫയുടെ സഹായത്തോടെ ഹണിട്രാപ്പിലൂടെ ദിവാകരൻ നായരെ കൊച്ചിയിലേക്കു വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി വാഹനത്തിൽ വച്ചു കൊലപ്പെടുത്തിയ ശേഷം വഴിയരികിൽ തള്ളുകയായിരുന്നു.