തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി നാളുകൾ മാത്രമേ ബാക്കിയുള്ളു. സംസ്ഥാനത്തെ വീറും വാശിയുമുള്ള ത്രികോണ പോരാട്ടത്തിന് ഇക്കുറി സാക്ഷ്യം വഹിക്കുന്നത് തിരുവനന്തപുരം കോർപ്പറേഷനിലാണ്. ഫല പ്രഖ്യാപനത്തിലെ മുന്നറ്റം കണ്ട് ബി ജെ പി നേതാക്കളെ പോലും അത്ഭുതപ്പെടുത്തിയ മുന്നേറ്റമാണ് അന്ന് പാർട്ടി നേടിയത്.
കൂടുതൽ വാർഡുകളിൽ താമര വിരിഞ്ഞപ്പോൾ കൈപൊള്ളിയത് കോൺഗ്രസിനും, സി പിഎമ്മിനുമായിരുന്നു. വിജയിച്ച കൗൺസിലർമാരുടെ എണ്ണത്തിൽ കോൺഗ്രസ് നന്നേ മെലിഞ്ഞപ്പോൾ, മുൻ മേയർ ഉൾപ്പടെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം തോറ്റത് സി പി എമ്മിന് ക്ഷീണമായി. കോർപ്പറേഷനിൽ രണ്ടാം കക്ഷിയായ ബി ജെ പി മാറിയപ്പോൾ പ്രതിപക്ഷത്തിന്റെ ഒത്തൊരുമയില്ലായ്മ ഒന്നുകൊണ്ട് മാത്രമാണ് അഞ്ച് വർഷം തികയ്ക്കാൻ സി പി എമ്മിനായത്.
ബി ജെ പി ഭീഷണി തിരിച്ചറിഞ്ഞ് സി പി എം
ബി ജെ പിയുടെ വളർച്ച ക്ഷീണമാകുന്നത് തങ്ങൾക്കാണെന്ന തിരിച്ചറിവിലേക്ക് സി പി എം എത്തിയതായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനം ചെയ്തു കൊണ്ടുള്ള പാർട്ടി റിപ്പോർട്ട്. സംഘടനാ ദൗർബല്യങ്ങളാണ് ബി ജെ പിയുടെ വളർച്ചയ്ക്ക് കാരണമാകുന്നതെന്നും, ഇത് യു ഡി എഫിനെക്കാളും കൂടുതൽ പ്രഹരമേൽപ്പിക്കുന്നത് തങ്ങൾക്കാണെന്നും പാർട്ടി വിലയിരുത്തുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ നാലു പഞ്ചായത്തുകളിൽ ബി ജെ പി ഭരണം നേടിയിരുന്നു. ജില്ലാ പഞ്ചായത്തിലെ വെങ്ങാനൂർ ഡിവിഷനിലെ അട്ടിമറി ജയവും പ്രത്യേകം എടുത്തു പറയേണ്ടതാണ്. സി പി എമ്മിലെ ജില്ല നേതാക്കൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മ ഫലത്തിൽ ബി ജെ പി നേട്ടമാക്കുകയായിരുന്നു. ഈ പൊതു വികാരമാണ് പാർട്ടിയിലുള്ളത്.
യു ഡി എഫ് വോട്ടർമാർ ബി ജെ പിയിലേക്ക് കൂടുമാറുന്നതും സി പി എമ്മിന് തിരിച്ചടിയാണ്. തിരുവനന്തപുരം നഗരത്തിൽ ഇടത് വിരുദ്ധരായ വോട്ടർമാർ കോൺഗ്രസിനെ കൈവിട്ട് ബി ജെ പിയിലേക്ക് ചേക്കേറുന്നതായി പാർട്ടി വിലയിരുത്തുന്നു. അതേ സമയം മേയർ സ്ഥാനാർത്ഥിയായ വോട്ടർമാരുൾപ്പടെ വിശ്വസിച്ചിരുന്ന ചില നേതാക്കൾ കഴിഞ്ഞ തവണ പരാജയപ്പെട്ടത് പാർട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങൾക്ക് പങ്കുള്ളതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇക്കുറി ഇതെല്ലാം ഒഴിവാക്കി ബി ജെ പിയുടെ മുന്നേറ്റം എന്ത് വിലകൊടുത്തും തടയാനായി കച്ചകെട്ടി ഇറങ്ങുകയാണ് സി പി എം.