bihar-polls

പട്ന: വോട്ടെണ്ണൽ പുരോഗമിക്കുന്ന ബീഹാറിൽ അന്തിമഫലം വരാൻ വൈകുമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ഇതുവരെ നാല് കോടിയിൽ ഒരു കോടി വോട്ടുകളാണ് എണ്ണിത്തീർന്നത്. കൊവിഡ് ചട്ടങ്ങൾ കാരണം ഒരു മുറിയിൽ ഏഴ് മേശകൾ മാത്രമാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് കമ്മീഷൻ വ്യക്തമാക്കി. 19 മുതൽ 51 റൗണ്ട് വരെയാണ് എണ്ണാറ്. വോട്ടെണ്ണലിൽ ഇതുവരെ തടസങ്ങളൊന്നുമില്ലെന്ന് കമ്മീഷൻ അറിയിച്ചു.

നിലവിൽ 243 സീ‌റ്റുകളിൽ 130 സീ‌റ്റുകളിൽ എൻ.ഡി.എ മുന്നിട്ട് നിൽക്കുകയാണ്. 102 സീ‌റ്റുകളിലാണ് മഹാ ഗട് ബന്ധൻ ലീഡ് ചെയ്യുന്നത്. മ‌റ്റുള‌ളവർ 11 സീ‌റ്റുകളിലും. ഏ‌റ്റവും വലിയ കക്ഷി ബി.ജെ.പിയാണ് 75 സീ‌റ്റുകളിൽ ലീഡ് ചെയ്യുന്നു. രണ്ടാമത് തേജസ്വി യാദവിന്റെ ആർ.ജെ.ഡിയാണ് 61 സീ‌റ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ(യുണൈ‌റ്റഡ്) 52 സീ‌റ്റുകളിലാണ് മുന്നേറുന്നത്. 70 സീ‌റ്റുകളിൽ മത്സരിച്ച കോൺഗ്രസ് 19 സീ‌റ്റുകളിൽ മാത്രമാണ് മുന്നേറുന്നത്. 29 സീ‌റ്റുകളിൽ മത്സരിച്ച ഇടത് പാർട്ടികൾ 19 സീ‌റ്റുകളിൽ മുന്നേറുകയാണ്.

എന്നാൽ തിരഞ്ഞെടുപ്പിലെ ആദ്യ ലീഡ് നില മാറി മറിഞ്ഞതോടെ ഇവിഎം ക്രമക്കേട് ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാവായ ഉദിത് രാജാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. ഉപഗ്രഹങ്ങളെ നിയന്ത്രിക്കാമെങ്കിൽ വോട്ടിംഗ് മെഷീനെയും നിയന്ത്രിക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു,