blood

തിരുവനന്തപുരം: കൊവിഡ് പകർച്ചവ്യാധിയെ രോഗത്തെ തുടർന്നുണ്ടായ സാഹചര്യം ജില്ലയിലെ ആശുപത്രികളിൽ രക്തത്തിന്റെ കാരണമാകുന്നു.മെഡിക്കൽ കോളേജ്, എസ്.എ.ടി, റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി), ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് രക്തക്ഷാമം കൊണ്ട് പൊറുതിമുട്ടുന്നത്.


കൊവിഡ് രോഗം വ്യാപിക്കാൻ തുടങ്ങിയതോടെ സ്വമേധയാ രക്തദാനം നടത്താൻ പലരും വിമുഖത കാണിച്ചതാണ് ആശുപത്രികളിലെ രക്തക്ഷാമത്തിന് കാരണമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. കൊവിഡ് അതിവേഗം പടരുന്ന സാഹചര്യത്തിൽ രക്തം ദാനം ചെയ്യുന്നതിനായി ആശുപത്രികളിൽ എത്താൻ ദാതാക്കൾ വിസമ്മതിക്കുന്നുണ്ടെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. രോഗവ്യാപനത്തെ തുടർന്ന് ഇപ്പോൾ രക്തദാന ക്യാമ്പുകൾ പോലും നടക്കുന്നില്ല. കോളേജുകൾ പ്രവർത്തിക്കാത്തതിനാൽ അവിടങ്ങളിൽ വിദ്യാർത്ഥി തലത്തിലും രക്തദാന ക്യാമ്പുകളും നടക്കുന്നില്ല. ഇതും പ്രതിസന്ധിയേറ്റിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ക്ഷാമം അനുഭവപ്പെടുന്നത് അപൂർവ രക്തഗ്രൂപ്പായ ഒ പോസിറ്റീവിനാണ്. ഇതുകൂടാതെ സർവസാധാരണമായ ഗ്രൂപ്പുകൾക്കും ക്ഷാമം നേരിടുന്നുണ്ട്.

ശസ്ത്രക്രിയകൾ വൈകുന്നു

രക്തക്ഷാമത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ കാത്തിരിക്കുന്ന രോഗികളും ആശങ്കയിലാണ്. രോഗികളുടെ ബന്ധുക്കൾ പോലും രക്തം ദാനം ചെയ്യാൻ സന്നദ്ധരല്ലാത്ത സ്ഥിതിവിശേഷമാണുള്ളതെന്ന് മെഡിക്കൽ കോളേജിലെ രക്തബാങ്കിലെ ‌ഡോക്ടർമാർ പറയുന്നു. ഇത് ശസ്ത്രക്രിയകൾ വൈകുന്നതിന് ഇടയാക്കുമെന്നും രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാവുന്ന സ്ഥിതിവിശേഷത്തിൽ എത്തിക്കുമെന്നും ഡോക്ടർമാർ ആശങ്കപ്പെടുന്നുണ്ട്.

റീജിയണൽ കാൻസർ സെന്ററിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആർ.സി.സിയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും മലബാർ മേഖലയിൽ നിന്നുള്ള രോഗികളാണ്. എന്നാൽ, നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇവർക്ക് രക്തം സ്വീകരിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഉണ്ട്. മലബാറിൽ നിന്ന് വരുന്ന രോഗികൾ എവിടെ നിന്നാണ് വരുന്നതെന്നോ, കണ്ടെയ്ൻമെന്റ് സോണിലോ, ഹോട്ട് സ്പോട്ടുകളിലോ ഉൾപ്പെട്ടവരാണോ എന്നൊന്നും അറിയാത്തതിനാൽ ഇവർക്ക് രക്തം സ്വീകരിക്കാൻ അനുവാദമില്ല. ആർ.സി.സിയിലെ കാൻസർ രോഗികൾക്ക് ആവശ്യ പ്ളേറ്റ്ലെറ്റുകളാണ്. ഇവയാകട്ടെ അഞ്ച് ദിവസം മാത്രമെ ഷെൽഫിൽ സൂക്ഷിക്കാനാകൂ. അതിനാൽ തന്നെ ആർ.സി.സിയിക്ക് ദിവസവും എല്ലാ ഗ്രൂപ്പിലും പെട്ട രക്തം വേണ്ടിവരും.