തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ള മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സ്വപ്‌നയുമൊത്ത് നടത്തിയ വിദേശയാത്രകളെക്കുറിച്ച് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അന്വേഷണം തുടങ്ങി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് വിദേശത്തേക്ക് നിയമവിരുദ്ധമായി 1.90 ലക്ഷം ഡോളർ കറൻസി കടത്തിയതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണിത്. പരിധിയിൽ കവിഞ്ഞ് ഡോളർ ലഭിക്കാൻ ബാങ്ക് ഉദ്യോഗസ്ഥരിൽ ശിവശങ്കർ സമ്മർദ്ദം ചെലുത്തിയെന്നും അദ്ദേഹത്തിന്റെ നിരന്തര ഇടപെടൽ കാരണമാണ് ഡോളർ കൈമാറിയതെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു.ഡോളർ കടത്തിയ കാര്യം സ്വപ്ന തന്നെ അന്വേഷണ ഏജൻസികളോടു സമ്മതിച്ചിരുന്നു.
ഫ്ളാറ്റ് നിർമ്മാണത്തിന് റെഡ് ക്രസന്റ് നൽകിയ 3.20 കോടിയുടെ ആദ്യഗഡു കരമന ആക്സിസ് ബാങ്കിലെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് ഡോളറാക്കി കോൺസലേറ്റ് അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് വിദേശത്തേക്ക് കടത്തിയെന്നും സ്വപ്‌ന മൊഴി നൽകിയിരുന്നു. 2019 ആഗസ്റ്റ് മൂന്നിന് കവടിയാറിൽ വച്ച് ഖാലിദിന് പണം കൈമാറിയെന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകി. ഖാലിദാണ് മസ്‌കറ്റ് വഴി ഈ പണം ഈജിപ്റ്റിലേക്ക് കൊണ്ടുപോയത്. ഇതേക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.
ഈ യാത്രയിൽ ശിവശങ്കറും സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒ പി.എസ്.സരിത്ത് എന്നിവരും മസ്‌കറ്റ് വരെ ഖാലിദിനൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ പാസ്‌പോർട്ട് ഉപയോഗിച്ചാണ് ശിവശങ്കർ 14 വിദേശ യാത്രകൾ നടത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിലുൾപ്പെട്ട ഔദ്യോഗിക യാത്രകൾക്കും സ്വകാര്യ പാസ്‌പോർട്ടാണ് ഉപയോഗിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യാത്രകൾക്ക് ഔദ്യോഗിക പാസ്‌പോർട്ടാണ് ഉപയോഗിക്കാറുള്ളത്. യാത്രകളിലേറെയും ദുബായിലേക്കായിരുന്നു. ഇവയ്ക്ക് ആരാണ് അനുമതി നൽകിയതെന്നും അവിടെ ആരെയൊക്കെ കണ്ടെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. 14 യാത്രകളിൽ ആറെണ്ണത്തിലും സ്വർണക്കടത്തു കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് ശിവശങ്കറിനൊപ്പം ഉണ്ടായിരുന്നു.
ആഡംബര ഹോട്ടലിൽ
സുഖ താമസം
യു.എ.ഇയിൽ കേസിലെ ചില പ്രതികൾക്കൊപ്പം ശിവശങ്കർ ആഡംബര ഹോട്ടലിലാണ് താമസിച്ചതെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനായി ശിവശങ്കറിന്റെ വിദേശയാത്രകളെ കുറിച്ചുള്ള രേഖകൾ കസ്റ്റംസ് തേടിയിട്ടുണ്ട്. ഈ ആഡംബര ഹോട്ടലിലെ താമസച്ചെലവ് ശിവശങ്കറിന് താങ്ങാൻ കഴിയുന്നതല്ലെന്നും കസ്റ്റംസ് പറയുന്നു. രേഖകൾ കൈമാറാമെന്ന് ശിവശങ്കർ സമ്മതിച്ചെങ്കിലും അതിനിടെ അനാരോഗ്യത്തെ തുടർന്ന് അദ്ദേഹം ആശുപത്രിയിലായി. ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയപ്പോഴായിരുന്നു ഇത്. യാത്രക്കിടെ സ്വർണകടത്ത് കേസിലെ പ്രതികൾ ഒപ്പമുണ്ടായിരുന്നതായി കസ്റ്റംസ് ഉറച്ച് വിശ്വസിക്കുന്നു.
ചോദ്യം ചെയ്യലിൽ ശിവശങ്കർ ഇത് നിഷേധിക്കുകയായിരുന്നു. മാത്രമല്ല, യാത്രാ രേഖകൾ ഹാജരാക്കിയതുമില്ല. ഇതുസംബന്ധിച്ച് കോടതിയുടെ അനുമതിയോടെ ശിവശങ്കറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ കസ്റ്റംസ് ആലോചിക്കുന്നുണ്ട്. അതിനു ശേഷമായിരിക്കും ഡോളർ കടത്ത് കേസിൽ അറസ്റ്റ് നടപടികളിലേക്ക് കസ്റ്റംസ് കടക്കുക. ഇതിനൊപ്പം സ്വർണക്കടത്ത് കേസിൽ ശിവശങ്കറിന്റെ പങ്കും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
ഐ.എ.എസ്, ഐ.പി.എസ് കേഡറുകളിലുൾപ്പെടെയുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഔദ്യോഗിക ആവശ്യങ്ങൾക്ക് നടത്തുന്ന വിദേശ യാത്രകൾക്കായാണ് ഔദ്യോഗിക പാസ്‌പോർട്ട് അനുവദിക്കുന്നത്. വെള്ള നിറത്തിലുള്ള ഇത്തരം പാസ്‌പോർട്ടുള്ളവർക്ക് വിദേശത്ത് ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി എന്ന പരിഗണന ലഭിക്കും. അതേസമയം, ഔദ്യോഗിക കാര്യങ്ങൾക്കു മാത്രമേ ഇത്തരം യാത്രകളിൽ അനുമതിയുള്ളൂ. വിനോദ, വാണിജ്യ പരിപാടികളിലൊന്നും പങ്കെടുക്കരുത്, ആരുടെയും ആതിഥ്യം സ്വീകരിക്കരുത് തുടങ്ങീ വ്യവസ്ഥകളുമുണ്ട്.
ശിവശങ്കറിന്റെ വിദേശയാത്രകൾ
* കൊച്ചി സ്മാർട്ട് സിറ്റിയുടെ അവലോകനത്തിനായി 2017ഏപ്രിലിൽ ശിവശങ്കർ യു.എ.ഇ സന്ദർശിച്ചത് സ്വപ്നയുമൊത്ത്
* പ്രളയസഹായം തേടി മുഖ്യമന്ത്രി യു.എ.ഇയിലെത്തിയത് 2018 ഒക്ടോബർ17മുതൽ 20വരെ. ഇതിനു മന്നോടിയായി സ്വപ്നയും ശിവശങ്കറും പോയി
* സംസ്ഥാനത്ത് ഐ.ടി നിക്ഷേപം ആകർഷിക്കാൻ 2018 ഏപ്രിലിൽ ശിവശങ്കർ ഒമാനിലെത്തി. സ്വപ്നയും അവിടെയെത്തി. മടക്കയാത്ര ഒരുമിച്ച്
* ഇതുകൂടാതെ നാലുവട്ടം കൂടി ഇരുവരും ഒരുമിച്ച് വിദേശയാത്ര നടത്തി