mp-election

ഭോപ്പാൽ: മദ്ധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ വൻ വിജയ കുതിപ്പിൽ ബി ജെ പി. തിരഞ്ഞെടുപ്പ് ഫലം ശിവരാജ് സിംഗ് ചൗഹാന് മുഖ്യമന്ത്രി കസേരയിൽ തുടരുന്നതിനുളള ജനവിധിയായി. മദ്ധ്യപ്രദേശിലെ 19 ജില്ലകളിലെ 28 നിയമസഭാ സീറ്റുകളിലേക്കായി നടന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ 20 സീറ്റിൽ ബി ജെ പിയും എട്ട് സീറ്റിൽ കോൺഗ്രസുമാണ് ലീഡ് ചെയ്യുന്നത്. മദ്ധ്യപ്രദേശിൽ ബി ജെ പി വൻ വിജയം നേടുമെന്ന് നേരത്തെ തന്നെ എക്‌സിറ്റ്‌ പോൾ ഫലമുണ്ടായിരുന്നു.

അധികാരത്തിലേറി ഒന്നര വർഷത്തിനുളളിൽ കോൺഗ്രസിനകത്ത് പിളർപ്പുണ്ടാക്കിയാണ് ജ്യോതിരാതിദ്യ സിന്ധ്യ ബി ജെ പിയിൽ ചേരുന്നത്. ഈ ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയെ വിജയിപ്പിച്ച് കരുത്ത് കാണിക്കാൻ സിന്ധ്യയ്ക്ക് സാധിച്ചതോടെ കേന്ദ്രമന്ത്രിസഭയിലേക്ക് സിന്ധ്യ എത്തുമെന്ന അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്.

കോൺഗ്രസിൽ നിന്ന് ബി ജെ പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറിൽ ബി ജെ പി ലീഡ് ചെയ്യുകയാണ്. 230 അംഗ മദ്ധ്യപ്രദേശ് നിയമസഭയിൽ ബി ജെ പി സർക്കാരിന് 107അംഗങ്ങളുടേയും കോൺഗ്രസിന് 87അംഗങ്ങളുടേയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 116 സീറ്റാണ് വേണ്ടത്. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോൺഗ്രസ് വിട്ട 22 എം എൽ എമാരുടേത് ഉൾപ്പടെയുളള സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഒമ്പത് മാസം മുമ്പ് കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ സിന്ധ്യക്ക് പാ‍ർട്ടി രാജ്യസഭാംഗത്വം നൽകിയിരുന്നു. 230 അംഗ നിയമസഭയിൽ ഭൂരിപക്ഷം നഷ്‌ടപ്പെട്ടതിനെ തുടർന്ന് കമൽനാഥിന് ഭരണം നഷ്‌ടമാവുകയും, ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ അധികാരമേൽക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് നടന്ന 28ൽ 27ഉം കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു. ഭരണം തിരിച്ചുപിടിക്കണമെങ്കിൽ കോൺഗ്രസിന് എല്ലാ സീറ്റിലും വിജയിക്കണമായിരുന്നു. ഒമ്പത് സീറ്റുകൾ കിട്ടിയാൽ ബി ജെ പിക്ക് ഭരണം നിലനിർത്താമായിരുന്നെങ്കിലും ഇരുപത് സീറ്റുകളിൽ ലീഡ് നേടി ബി ജെ പി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.