പട്ന : പതിനഞ്ച് വർഷം നീണ്ട നിതീഷ് കുമാർ സർക്കാരിനെതിരെയുള്ള യുവാക്കളുടെ എതിർപ്പ് മഹാസഖ്യത്തിന് നേട്ടമായെങ്കിലും ഭൂരിപക്ഷം നേടി വിജയത്തിലേക്കെത്താൻ കഴിയാതിരുന്നത് മോദി പ്രഭാവം ഉയർത്തിക്കാട്ടിയുള്ള ബി ജെ പിയുടെ തന്ത്രങ്ങളാണെന്ന് സൂചന. ബീഹാർ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് പ്രധാനമന്ത്രി തിരിഞ്ഞെടുപ്പ് റാലികളിൽ സജീവമായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ബീഹാറിൽ. അതിനാൽ നാടിളക്കിയുള്ള പരസ്യ പ്രചരണത്തിന് പരിമിതികളേറെയായിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ നിതീഷിനെ മുൻനിർത്തിയുള്ള പ്രചരണം മുന്നണിക്ക് പ്രയോജനം ചെയ്യില്ലെന്ന തിരിച്ചറിവിലേക്ക് ബി ജെ പി എത്തിയിരുന്നു. നിതീഷ് കുമാറിന്റെ ഫോട്ടോ മാത്രം ഉൾപ്പെടുത്തിയാണ് ജെഡിയുവും പ്രചരണം ആരംഭിച്ചത്. എന്നാൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോൾ മോദിയും അവരുടെ പോസ്റ്ററുകളിൽ ഇടം പിടിച്ചു. ഒരു വേള ബി ജെ പി, ജെ ഡി യു പ്രവർത്തകർ തമ്മിൽ ഏകോപനമില്ലായ്മയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ഉണ്ടായ മോദി തരംഗം ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിലെത്തുമ്പോഴും അശേഷം കുറഞ്ഞിട്ടില്ലെന്നതിന്റെ സൂചനയാണ് പുറത്തുവരുന്നത്. ഭരണ വിരുദ്ധ തരംഗത്തെ അതിജീവിക്കുവാൻ എൻ ഡി എ സഖ്യത്തിന് ബീഹാറിൽ തുണയായതും ഇതാണ്. സംസ്ഥാനത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് റാലികളിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി എത്തിയത്. ശാസറാം, ഗയ, ഭാഗൽപൂർ, ദർഭംഗ, മുസാഫർപൂർ, പട്ന, ചപ്ര, ഈസ്റ്റ് ചമ്പാരൻ, സമസ്തിപൂർ, വെസ്റ്റ് ചമ്പാരൻ, സഹർസ, ഫോർബ്സ്ഗഞ്ച് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളിലായിരുന്നു അത്.ഇവിടെ എല്ലാം മോദി പ്രസംഗിക്കുകയും എൻ ഡി എ സ്ഥാനാർത്ഥികൾക്ക് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.
ദർഭംഗയിൽ പത്ത് സീറ്റുകളിൽ ഒമ്പത് സീറ്റുകളിലും എൻ ഡി എ സഖ്യമാണ് ലീഡ് ചെയ്യുന്നത്. സംസ്ഥാനത്തെ 243 സീറ്റുകളിൽ പകുതിയിലധികം സീറ്റുകളിലും എൻ ഡി എ സഖ്യമാണ് ഇപ്പോഴും ലീഡ് ചെയ്യുന്നത്. അന്തിമ ഫലം വൈകുന്നേരത്തോടെ മാത്രമേ പുറത്തുവരുകയുള്ളു. കൂടുതൽ സീറ്റുകൾ നേടി മുന്നണിയിലെ പ്രധാന കക്ഷിയായെങ്കിലും മുൻ ധാരണ പ്രകാരം നിതീഷ് കുമാറിനെ തന്നെ മുഖ്യമന്ത്രിയാക്കുമെന്ന് ബി ജെ പി വ്യക്തമാക്കിയിട്ടുണ്ട്.