
സെപ്തംബർ മാസത്തിലാണ് ഇന്ത്യ വിടുന്ന കാര്യം പ്രമുഖ ആഡംബര ബൈക്ക് നിർമാതാക്കളായ ഹാർലി ഡേവിഡ്സൺ വ്യക്തമാക്കിയത്. ഇന്ത്യയിൽ ഔദ്യോഗികമായി ഷോപ്പ് ആരംഭിച്ച് പ്രാദേശികമായി ബൈക്ക് നിർമിച്ച ആദ്യത്തെ പ്രീമിയം മോട്ടോർ സൈക്കിൾ ബ്രാൻഡാണ് ഹാർലി ഡേവിഡ്സൺ. ഹാർലിയുടെ പിന്മാറ്റം രാജ്യത്തെ ഡീലർമാരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്.
ഹാർലി ഡേവിഡ്സൺ പിന്മാറ്റക്കാര്യം ഔദ്യോഗികമായി തങ്ങളെ അറിയിക്കുക പോലും ചെയ്തില്ലെന്നും അവരുടെ ഭാവി പദ്ധതികൾ അറിഞ്ഞ തങ്ങൾ ഞെട്ടലിലാണെന്നും ഇന്ത്യയിലെ ഡീലർമാർ പറയുന്നു. മാത്രമല്ല, വളരെ കുറഞ്ഞ തോതിലുള്ള നഷ്ടപരിഹാര തുകയാണ് അമേരിക്കൻ കമ്പനിയായ ഹാർലി ഡേവിഡ്സൺ തങ്ങൾക്ക് നൽകിയതെന്നും അത് ഒന്നിനും തികയുന്നില്ലെന്നും അവർ പറഞ്ഞു.
ലോക്ക്ഡൗൺ കാലയളവ് മുതലുള്ള നഷ്ടത്തിന്റെ കണക്ക് പരിശോധിച്ചാൽ കമ്പനി തരുന്ന നഷ്ടപരിഹാരത്തുക ഒന്നുമാകുന്നില്ലെന്ന് ഡീലർമാർ ആരോപിക്കുന്നു. ന്യായമായ പിന്തുണാ പാക്കേജ് ലഭിക്കുന്നതിനായി സാദ്ധ്യമായ നിയമനടപടികളിലേക്ക് തിരിയുകയാണ് ഡീലർമാർ.
അതേ സമയം, ഹാർലി ഡേവിഡ്സൺ ഹീറോയുമായി ചേർന്ന് ഇന്ത്യയിൽ പ്രവർത്തിക്കുമെന്ന വാർത്തകൾ അടുത്തിടെ വാഹനപ്രേമികൾക്ക് ആശ്വാസമേകിയിരുന്നു. ഇതനുസരിച്ച് ഹാർലി ബൈക്കുകൾ ഹീറോ മോട്ടോകോർപ്പ് ആണ് ഇന്ത്യയിൽ വിൽക്കുക. ഹാർലിയുടെ പാർട്സുകളും ആക്സെസറികളും റൈഡിംഗ് ഗിയറുകളും മറ്റും ഹീറോയുടെ തിരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാകും.
ഇതോടെ ശരിക്കും കഷ്ടത്തിലായ ഇന്ത്യയിലെ ഹാർലി ഡീലർമാർ, ഹാർലിയുടെ ഭാഗത്ത് നിന്നോ ഹീറോയുടെ ഭാഗത്ത് നിന്നോ വിശദീകരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണ്. ഹാർലി ഡേവിഡ്സണിന് ഇന്ത്യയിലുടനീളം 33 ഡീലർഷിപ്പുകളാണുണ്ടായിരുന്നത്.