telanaga-election

ഹൈദരാബാദ്: പ്രാദേശിക രാഷ്ട്രീയത്തെ ബി ജെ പി പൊളിച്ചെഴുതിയ കാഴ്‌ചയാണ് ബീഹാറിൽ കണ്ടതെങ്കിൽ അതിന്റെ മറ്റൊരു ഉദാഹരണം തെലങ്കാനയിൽ കൂടിയുണ്ട്. തെലങ്കാനയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദുബാക്ക മണ്ഡലത്തിൽ ബി ജെ പി അപ്രതീക്ഷിത മുന്നേറ്റമാണ് നടത്തിയത്.ടി ആർ എസിന്റെ ശക്തി കേന്ദ്രമായ മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥി സൊലീപേട്ട സുജാതയ്ക്കെതിരെ ബി ജെ പിയുടെ എം രഘൂനന്ദൻ റാവു 1,470 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയത് മുതൽ നേരിയ ഭൂരിപക്ഷത്തിന് ബി ജെ പി ലീഡ് ചെയ്‌ത മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ അവസാനഘട്ടം വരെയും ടി ആർ എസിന് മുന്നിൽ എത്താനായില്ല. ആദ്യറൗണ്ടിൽ ടി ആർ എസ് മൂന്നാം സ്ഥാനത്ത് പോയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു.

ബി ജെ പിയും ടി ആർ എസും നാൽപ്പതിനായിരത്തിന് മുകളിൽ വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിന് ആകെ നേടാൻ കഴിഞ്ഞത് 14,832 വോട്ടുകൾ മാത്രമാണ്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകനും ഐ ടി മന്ത്രിയുമായ കെ ടി രാമ റാവുവിന്റെ മണ്ഡലത്തോട് ചേർന്നു കിടന്ന മണ്ഡലമാണ് ദുബാക്ക. ടി ആർ എസ് എം എൽ എ രാമലിംഗ റെഡ്ഢിയുടെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ചന്ദ്രശേഖർ റാവുവിന്റെ മരുമകനും ധനമന്ത്രിയുമായ ഹരീഷ് റാവു ആയിരുന്നു ഇവിടെ തിരഞ്ഞെടുപ്പ് പ്രവർത്തനം നിയന്ത്രിച്ചത്. വലിയ പ്രതീക്ഷ പുലർത്തിയ മണ്ഡലം ബി ജെ പി പിടിച്ചതോടെ അത് ടി ആർ എസിനും ചന്ദ്രശേഖർ റാവുവിനും വലിയ തിരിച്ചടിയായി.