poonjar

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പുകൾ വിവിധ മുന്നണികൾ തമ്മിലുള‌ള മത്സരം എന്നതിനെക്കാൾ ഗ്രാമങ്ങളിലെ മത്സരം പലപ്പോഴും എന്തെങ്കിലും പ്രത്യേകതകൾ കൊണ്ട് ശ്രദ്ധയാകർഷിക്കാറുണ്ട്. ബന്ധുക്കൾ തമ്മിലോ, സുഹൃത്തുക്കൾ തമ്മിലോ ഒക്കെയാകാം മത്സരം.എന്നാൽ കോട്ടയം പൂഞ്ഞാർ‌ തെക്കേക്കര പഞ്ചായത്തിൽ മ‌റ്റൊരു കൗതുകമാണ്. പ്രധാന മൂന്ന് മുന്നണികളുടെയും സ്ഥാനാർ‌ത്ഥികൾക്ക് പേരൊന്നാണ് എന്നതാണ് ഇവിടെ പ്രത്യേകത. വോട്ടിംഗ് മെഷീനടുത്തെത്തുന്ന വോട്ടർമാർ ഒരു നിമിഷം ആശയക്കുഴപ്പത്തിലായേക്കാം.

കോൺഗ്രസിനും, സിപി‌എമ്മിനും, ബിജെപിക്കും ഇവിടെയുള‌ള സ്ഥാനാർത്ഥികൾ നിഷമാരാണ്. കോൺഗ്രസിന് നിഷാ ഷാജിയാണെങ്കിൽ സിപിഎമ്മിന് നിഷ സാനുവാണ്. ബിജെപിയ്‌ക്ക് നിഷാ വിജിമോനാണ് സ്ഥാനാർത്ഥി. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് എന്നാൽ പൂഞ്ഞാർ ഡിവിഷനിൽ നിന്ന് മുൻപ് വിജയിച്ചത് സ്ഥലം എം.എൽ.എ പി.സി ജോർജ്ജിന്റെ പാർട്ടിയായ ജനപക്ഷത്തിന്റെ സ്ഥാനാർത്ഥി ലിസി സെബാസ്‌റ്റ്യനാണ്. ജോർജിന്റെ മകനായ ഷോൺ ജോർജാണ് ജില്ലാ പഞ്ചായത്തിലേക്ക് ഇത്തവണത്തെ സ്ഥാനാർത്ഥി. നിലവിൽ മീനച്ചിൽ അർബൻ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റാണ് ഷോൺ. തിരുവനന്തപുരം ലോ അക്കാദമിയിൽ കെഎസ്‌സി സ്ഥാനാർത്ഥിയായി അട്ടിമറി വിജയം കൈവരിച്ച ചരിത്രം ഷോണിനുണ്ട്. യുവജനപക്ഷം സംസ്ഥാന സെക്രട്ടറിയാണ് ഷോൺ.