കറാച്ചി: കഴിഞ്ഞ ഒക്ടോബർ 13ന് അയൽവാസി തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിച്ച ആർസു റാസയ്ക്ക് നീതിയുമായി പാകിസ്ഥാൻ കോടതി. ആർസുവിന് 14 വയസേയുള്ളൂവെന്നും പെൺകുട്ടിയ്ക്ക് സംഭവിച്ചത് ബാലവിവാഹമാണെന്നും കഴിഞ്ഞ ദിവസം കോടതി പറഞ്ഞു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച 44 കാരനായ അലി അസറിനെതിരെ നിയമനടപടി സ്വീകരിക്കാൻ പൊലീസിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. ആർസുവിന്റെ വീട്ടുകാർ നടത്തിയ ശക്തമായ നിയമ പോരാട്ടങ്ങളാണ് ഇത്തരമൊരു നീതി പെൺകുട്ടിക്ക് നേടിക്കൊടുത്തത്.
ഒക്ടോബറിൽ വീടിനു മുന്നിൽ ജോലിയിലേർപ്പെട്ടിരുന്ന ആർസുവിനെ അയൽവാസിയുടെ സഹായത്തോടെ അലി അസറും കുടുംബവും തട്ടിക്കൊണ്ടുപോവുകയായിരുന്നു. മതം മാറ്റി വിവാഹവും കഴിച്ചു. മകളെ കാണാതായതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മ റിത മാസി കറാച്ചി പൊലീസിൽ പരാതി നൽകി. എന്നാൽ, പെൺകുട്ടി പ്രായപൂർത്തിയായതാണെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാണെന്നും അലി അസർ കോടതിയിൽ വാദിച്ചു. ഭർത്താവിനൊപ്പം പോകാൻ കോടതി നിർദ്ദേശിച്ചത് വൻ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിനെ തുടർന്നാണ് ശക്തമായ നിയമ പോരാട്ടത്തിനിറങ്ങാൻ ആർസുവിന്റെ കുടുംബം തീരുമാനിച്ചത്. കുട്ടിയ്ക്ക് 13 വയസുമാത്രമേയുള്ളൂവെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കുടുംബം കോടതിയിൽ സമർപ്പിച്ചു. ഇതിനെ തുടർന്നാണ് കേസ് വീണ്ടും പരിഗണിക്കാൻ കറാച്ചി കോടതി തയാറായത്. കുട്ടിയ്ക്ക് പതിനാലു വയസുണ്ടെന്ന വാദത്തിൽ ഭർത്താവായ അലി അസർ ഉറച്ചു നിൽക്കുന്നതിനാൽ ഇതു സംബന്ധിച്ച് വ്യക്തത വരുത്താൻ ഒരു കമ്മിഷനെ കോടതി നിയോഗിച്ചു. പതിനാലു വയസായാലും അത് ബാല വിവാഹത്തിൽ ഉൾപ്പെടുമെന്നും കോടതി കണ്ടെത്തിയതോടെ വീട്ടിൽ തിരികെ പോകാനുള്ള വഴി തെളിഞ്ഞിരിക്കുകയാണ് ആർസുവിന്.
പാകിസ്ഥാനിൽ പ്രതിവർഷം ആയിരത്തോളം ക്രിസ്ത്യൻ- ഹിന്ദു പെൺകുട്ടികളെയാണ് ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതം മാറ്റവും വിവാഹവും നടത്തുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിൽ വളരെ കുറച്ചു കേസുകൾ മാത്രമാണ് പൊലീസ് സ്റ്റേഷനുകളിൽ പരാതികളായി എത്തുന്നത്.