ലോകമെമ്പാടുമുള്ള കുട്ടികളുടെ ഇഷ്ട ചിത്രം ജുമാൻജിക്ക്
ഈ വരുന്ന ഡിസംബർ 15ന് 25 വയസാവുകയാണ്
ലോകമെമ്പാടുമുള്ള കുട്ടികളുടെ ഇഷ്ട ചിത്രം ജുമാൻജിയ്ക്ക് ഈ വരുന്ന ഡിസംബർ 15ന് 25 വയസാവുകയാണ്. 90'സ് കിഡ്സിനോട് ചോദിച്ചാൽ ഒരിക്കലും ജുമാൻജി കണ്ടിട്ടില്ല എന്ന് പറയാനിടയില്ല. ഒരു ഗെയിം കളിക്കുന്നത് വഴി മിനിറ്റുകൾ കൊണ്ട് മറ്റൊരു ലോകത്തേക്കെത്തിക്കുന്ന ' ജുമാൻജി"പോലൊരു ഗെയിം ബോർഡ് കിട്ടണമെന്ന് ആഗ്രഹിക്കാത്ത കുട്ടികൾ കുറവായിരിക്കും.കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ സാഹസികതയുടെ ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയ ജുമാൻജിയ്ക്ക് 25 വർഷങ്ങൾ പിന്നിടുമ്പോൾ എല്ലാവരും മിസ് ചെയ്യുന്നത് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായിരുന്ന റോബിൻ വില്യംസിനെയാണ്. വില്യംസിന് പുറമേ ബോണി ഹണ്ട്, കിയർസ്റ്റൺ ഡൺസ്റ്റ്, ബ്രാഡ്ലി പിയേഴ്സ് എന്നിവരായിരുന്നു മറ്റു കേന്ദ്രകഥാപാത്രങ്ങൾ. ഫാന്റസി അഡ്വഞ്ചർ വിഭാഗത്തിൽപ്പെട്ട ജുമാൻജി ജോ ജോൺസ്റ്റൺ ആണ് സംവിധാനം ചെയ്തത്.അമാനുഷിക കഥാപാത്രത്തിന്റെ ജാലവിദ്യയല്ല, പകരം ഒരു മാന്ത്രിക ഗെയിം ബോർഡ് ഉണ്ടാക്കുന്ന പൊല്ലാപ്പുകളാണ് പ്രായഭേദമന്യേ എല്ലാവരെയും ചിത്രം കാണാൻ വേണ്ടി പിടിച്ചിരുത്തുന്ന ഘടകം. ഓരോ തവണയും ഗെയിം കളിക്കുന്നയാൾ ഡയസെറിയുമ്പോൾ ഓരോ തരത്തിലുള്ള പ്രതിസന്ധികളാണ് ജുമാൻജി ഗെയിംമിൽ നിന്നും പുറത്തുവരുന്നത്.
വന്യ മൃഗങ്ങളും ഭൂകമ്പം, പേമാരി പോലെയുള്ള പ്രകൃതി ദുരന്തങ്ങളുമാണ് ജുമാൻജി ഗെയിമിൽ നിന്നും പുറത്തുവരുന്ന വെല്ലുവിളികൾ. ഇതിനെയെല്ലാം അതിജീവിച്ച് ഗെയിം പൂർത്തിയാക്കാൻ സാധിച്ചാൽ രക്ഷപ്പെട്ടു. വന്നതെല്ലാം ഗെയിമിനുള്ളിലേക്ക് തന്നെ തിരിച്ചു പോകും.! അതാണ് ജുമാൻജിയുടെ പ്രത്യേകത.
1969ൽ കൂട്ടുകാരി സാറയുമായി ജുമാൻജി ഗെയിം കളിച്ച അലൻ പാരിഷ് എന്ന കുട്ടി ഗെയിം ബോർഡിനുള്ളിലേക്ക് അകപ്പെട്ടുപോകുന്നു. പിന്നീട് 26 വർഷങ്ങൾക്ക് ശേഷം സഹോദരങ്ങളായ ജൂഡിയും പീറ്ററും ഇതേ ഗെയിം കളിക്കുകയും ഏവരെയും ഞെട്ടിച്ച് കൊണ്ട് പണ്ട് ഗെയിമിനുള്ളിൽ കുടുങ്ങിപ്പോയ അലൻ പുറത്തുവരുന്നതുമാണ് കഥ. അലനൊപ്പം അന്ന് ഗെയിംകളിച്ച സാറയെയും കണ്ടുപിടിച്ച് ഗെയിം പൂർത്തിയാക്കാൻ നാല് പേരും കൂടി ശ്രമിക്കുന്നു.കാരണം, ജൂഡിയും പീറ്ററും ഗെയിം കളിക്കാൻ തുടങ്ങിയതോടെ കാട്ടിൽ അകപ്പെട്ടു പോയ അലൻ മാത്രമല്ല പുറത്തുവന്നത്. ഓരോ ലെവലിലും സിംഹം, കാണ്ടാമൃഗങ്ങൾ, ആനകൾ, മനുഷ്യനെ വിഴുങ്ങുന്ന ചെടി, ക്രൂരനായ വേട്ടക്കാരൻ അങ്ങനെ കുറേ നൂലാമാലകളും പുറത്തുവന്നിട്ടുണ്ട്. ഇവരെയെല്ലാം ഗെയിമിനുള്ളിലേക്ക് പറഞ്ഞയക്കാൻ എല്ലാ ലെവലും തീർത്ത് ഗെയും ബോർഡിൽ ' ജുമാൻജി " എന്ന വാചകം തെളിയണം.
ശരിക്കും ഗെയിം കളിച്ചതിലൂടെ അലനും സാറയും ഭാവിയിലേക്കൊരു സാങ്കല്പിക യാത്രയാണ് നടത്തുന്നത്. ഗെയിമിന്റെ അവസാനം സാറയും അലനും 1969ൽ തന്നെ തിരിച്ചെത്തുന്നു. ഇന്നത്തെ ടൈം ട്രാവലിംഗ് ചിത്രങ്ങളുടെയൊക്കെ കുട്ടികൾക്ക് പറ്റിയ മിനി വേർഷനായിരുന്നു ജുമാൻജി. 2005ൽ ജുമാൻജിയുടെ മാതൃകയിൽ ' സതുറ : എ സ്പെയ്സ് അഡ്വഞ്ചർ എന്നൊരു സിനിമ പുറത്തിറക്കിയിരുന്നു. പക്ഷേ, ജുമാൻജിയെ പോലെ അത് അത്ര വിജയിച്ചില്ല. ജുമാൻജി: വെൽകം ടു ദ ജംഗിൾ, ജുമാൻജി: ദ നെക്സ്റ്റ് ലെവൽ എന്നീ രണ്ട് സീക്വിൻസുകളും അടുത്തിടെ ജുമാൻജിയ്ക്ക് ഉണ്ടായി. ഡ്വെയ്ൻ ജോൺസൺ ആയിരുന്നു രണ്ടിലെയും പ്രധാനകഥാപാത്രം.