നീളൻ മുടിയാണ് പെണ്ണിന്റെ സൗന്ദര്യമെന്ന പഴമൊഴിയൊന്നുമിന്നില്ല. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങൾ മുടിയെല്ലാം ഷോർട്ടാക്കി വ്യത്യസ്തമായ നിറങ്ങൾ പകർന്ന് സ്റ്റൈലിഷ് ലുക്കിലാണ് ഇപ്പോൾ.കുട്ടി മുടിയിൽ തിളങ്ങുകയാണ് പാർവതി, സംയുക്ത മേനോൻ ,അപർണ ബാലമുരളി ,നസ്രിയ ,രമ്യ നമ്പീശൻ എന്നീ നടിമാർ. പണ്ടത്തെ ട്രെൻഡിനെ പൊളിച്ചടുക്കിയാണ് ഈ ഷോർട്ട് ഹെയർ സുന്ദരികൾ തിളങ്ങുന്നത്. പാർവതി ഇതിനു മുൻപും കുഞ്ഞൻ മുടിയിൽ എത്തിയിട്ടുണ്ട്. ബോയ്കട്ട് ചെയ്തിട്ടുണ്ട്. നടിയുടെ ബാംഗ്ലൂർ ഡേയ്സിലെ സെറ എന്ന കഥാപാത്രം ഷോർട്ട് ഹെയറായിരുന്നു.
തീവണ്ടിയിലൂടെ മലയാള സിനിമയിൽ എത്തിയ സംയുക്ത മേനോൻ ഇപ്പോൾ കുഞ്ഞൻ മുടിയാക്കി കൂടുതൽ സുന്ദരിയായിട്ടുണ്ട്.മുടി ഷോർട്ടാക്കിയപ്പോൾ സംയുക്തയുടെ നാടൻ ലുക്കാണ് മാറിയത്. താരത്തിന്റെ പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതുപോലെ അപർണ ബാലമുരളി നീളൻ മുടി ഷോർട്ടാക്കി കളർ ചെയ്തത് മനോഹരമായിട്ടുണ്ട്. അപർണയെ ആദ്യമായിട്ടാണ് ഈ പുതിയ ലുക്കിൽ കാണുന്നത്.
മലയാളത്തിന്റെ ക്യൂട്ട് നടി നസ്രിയ മുടി ഷോർട്ടാക്കിയപ്പോൾ ഒന്നുകൂടി ക്യൂട്ടായെന്ന് ആരാധകർ ഒന്നടങ്കം പറഞ്ഞു. സ്വർണ നിറത്തിലുള്ള ഹെയർ കളറാണ് നസ്രിയ ഉപയോഗിച്ചിരിക്കുന്നത്. നടിയുടെ ട്രാൻസിലെ ലുക്ക് ഏറെ ശ്രദ്ധേയമായിരുന്നു. അതുപോലെ രമ്യ നമ്പീശൻ മുടി ചെറുതാക്കിയ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മുടി ചെറുതാക്കിയതിന് താരം സുന്ദരിയായെന്ന കമന്റുകളാണ് കൂടുതൽ വരുന്നത്.